തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിലെ ഒരു പ്രധാന പട്ടണമാണ് തക്കല.
തിരുവിതാംകൂറിന്റെ (വേണാട്) തലസ്ഥാനമായിരുന്ന പത്മനാഭപുരത്തിനടുത്താണ് തക്കല. തക്കലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറാണ് വീര കേരള പുരം. ഇപ്പോള്‍ കേരളപുരം എന്നറിയപ്പെടുന്ന ഗ്രാമം. ഇവിടെ വിശാലമായൊരു പറമ്പില്‍ ആഴ്ന്നിറങ്ങിയ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാലുകള്‍ക്കിടയില്‍ രണ്ട് ക്ഷേത്രങ്ങളുണ്ട്. മഹാദേവനും ദേവിയും ചേര്‍ന്നു വിളങ്ങുന്ന ശിവ ക്ഷേത്രവും വര്‍ഷത്തില്‍ രണ്ട് തവണ നിറം മാറുന്ന അതിശയ വിനായകരുടെ ക്ഷേത്രവും.
വിഗ്രഹം നിറം മാറുന്ന ‘അതിശയ’മാണ് ക്ഷേത്രത്തെ അതിശയ വിനായക ക്ഷേത്രമാക്കി മാറ്റിയത്. എപ്പോഴെങ്കിലും വെറുതെ നിറം മാറിക്കാണുന്നതല്ല. ദക്ഷിണായനത്തില്‍ അതായത് കര്‍ക്കടകം തുടങ്ങുന്നതു മുതല്‍ ധനു അവസാനംവരെ കറുത്ത നിറത്തിലും മകരം മുതല്‍ മിഥുനം വരെയുള്ള ഉത്തരായനത്തില്‍ വെളുത്ത നിറത്തിലുമാണ് ഗണേശനെ കാണുക.ഈ സമയം ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിനും മാറ്റമുണ്ടാകുന്നു.ഗണേശന്‍ കറുക്കുമ്പോള്‍ വെള്ളം തെളിയും ഗണേശന്‍ വെളുക്കുമ്പോള്‍ വെള്ളം കറുക്കും.
തീര്‍ന്നില്ല, ഈ മാറ്റം അരയാലിനുമുണ്ട്. ഗണേശന്‍ കറുക്കുമ്പോള്‍ അരയാലിന്റെ മുഴുവന്‍ ഇലയും പൊഴിയും. വെളുത്ത ഗണേശനുള്ളപ്പോള്‍ അരയാല്‍ തളിര്‍ക്കും.
വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ള കല്ലിന്റെ പ്രത്യേകത കൊണ്ടാണ് ഈ നിറം മാറ്റം സംഭവിക്കുന്നതെന്ന് പറയുന്നവരുണ്ടെങ്കിലുംദക്ഷിണായനത്തിലും ഉത്തരായനത്തിലും കൃത്യമായി ഇതങ്ങനെ സംഭവിക്കുന്നു!
അതുപോലെ ഈ മാറ്റം കിണറ്റിലും അരയാലിനും എങ്ങനെയുണ്ടാകുന്നു എന്നതിന് മറുപടിയില്ല.
കേരളപുരത്തെ മഹാദേവര്‍ ക്ഷേത്രത്തിന് പഴക്കമേറെയുണ്ടെങ്കിലും ഗണേശനെ പ്രതിഷ്ഠിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. അതിനൊരു പൗരാണിക ചരിത്രവുമുണ്ട്. ഒരിക്കല്‍ കേരള വര്‍മ്മ രാജാവ്, രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കവെ ദേഹശുദ്ധിക്കായി കടലിലിറങ്ങി. രാമേശ്വരത്ത് കടലിലൂടെ മുട്ടളവ് വെള്ളത്തില്‍ ഏറെദൂരം നടക്കാനാവും. അങ്ങനെ നടക്കുമ്പോള്‍ രാജാവിന്റെ കാലിലെന്തോ തടഞ്ഞു. നോക്കിയപ്പോള്‍അതൊരു ഗണേശവിഗ്രഹമാണെന്നു കണ്ടു.
പ്രശ്‌നവശാല്‍ ആ വിഗ്രഹം രാവണന്‍ ലങ്കയില്‍ പൂജിച്ചിരുന്ന ഗണേശ വിഗ്രഹമാണെന്ന് തെളിഞ്ഞു. ഭൂമിശാസ്ത്രപ്രകാരം രാമേശ്വരം ലങ്കയ്‌ക്കടുത്താണ്. വിഗ്രഹം ക്രമേണ രാമേശ്വരത്ത് എത്തിയതാകാം.
കേരള വര്‍മ്മ രാജാവിന്റെ ആതിഥേയനായി കൂടെയുണ്ടായിരുന്ന അവിടുത്തെ രാജാവ് ‘സേതുമന്നന്‍’ വിഗ്രഹം രാജാവിനുതന്നെ നല്‍കി. കേരള വര്‍മ്മരാജന്‍ വീര കേരളപുരത്തെ മഹാദേവര്‍ ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു.
പ്രതിഷ്ഠ നടന്ന് ആറുമാസം കഴിഞ്ഞപ്പോള്‍ വിഗ്രഹത്തിന് നിറം മാറ്റമുണ്ടായി. അത് ഏവര്‍ക്കും അതിശവുമായി. ഗോപുരമില്ലാതെ കേരളീയരീതിയില്‍ പണികഴിപ്പിച്ചതാണ് കേരളപുരം ക്ഷേത്രം.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രത്തില്‍ പൂജകള്‍ക്ക് എടുത്തു പറയാവുന്ന സവിശേഷതകളൊന്നുമില്ല. സന്താനങ്ങളില്ലാത്ത ദമ്പതികള്‍ ഇവിടെ പ്രാര്‍ത്ഥിച്ച് സന്താനഭാഗ്യം നേടിയിട്ടുണ്ടെന്നത് അതിശയ വിനായകരുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: