ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് ഉപ്പുകുന്നേല്‍ കാട്ടുപറമ്പില്‍ സ്വാമിരാജ് എന്ന യുവാവ് ശരീരം തളര്‍ന്ന അവസ്ഥയിലായിട്ട് 20 വര്‍ഷം. പതിനഞ്ചാമത്തെ വയസ്സില്‍ സുഹൃത്തുക്കളുമായി നഗരസഭാ മൈതാനത്ത് കളിക്കുമ്പോള്‍ സംഭവിച്ച വീഴ്ചയാണ് സ്വാമിരാജിന്റെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. കഴുത്തിന്റെ ഭാഗം കല്‍ക്കെട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കിന്റെ ഗൗരവം അറിയാതെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഉയര്‍ത്തി കുടഞ്ഞെടുത്തപ്പോള്‍ പരിക്ക് ഗുരുതരമായി. സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലും ചികിത്സയിലും സംസാരശേഷി ലഭിച്ചുവെങ്കിലും ശരീരം പൂര്‍ണ്ണമായും തളര്‍ന്നു.
ചികിത്സ തുടരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പിതാവിന്റെ മരണവും സ്വാമിരാജിന്റെ കുടുംബത്തെ കൂടുതല്‍ തളര്‍ത്തി. മൂത്ത സഹോദരന് നടത്തിവന്ന സ്ഥാപനം നഷ്ടത്തിലാകുകയും കടബാദ്ധ്യതമൂലം അദ്ദേഹം നാടുവിട്ടുപോയിട്ട് 10 വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി ഇതുവരെ ഒരറിവുമില്ല. മറ്റൊരു സഹോദരന് സ്വാമിരാജിനെ പരിചരിക്കേണ്ടതിനാല്‍ വിവാഹം പോലും വേണ്ടെന്നുവച്ച് സദാസമയം കൂടെയുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സേവനം ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്നു.
സ്വാമി രാജിനെ പരിചരിക്കാന്‍ മൂത്ത സഹോദരങ്ങളും അമ്മയും എപ്പോഴും അരികത്തുണ്ട്. കൂടാതെ സുമനസ്സുകളുടെ സഹായവും ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരും വിവിധ സംഘടനകളും വീട്ടിലെത്തി സ്വാമിരാജിന് ധൈര്യം നല്കുന്നു. സുകൃതം റീഹാബ് ഇന്സ്റ്റിറ്റിയൂഷന് സെന്ററില്‍ നിന്നും ലഭിക്കുന്ന ഫിസിയോ തെറാപ്പിയില്‍ കൈവിരല്‍ തുമ്പുകള്‍ക്ക് ചലനശേഷി ലഭിച്ചു. അപ്പോള്‍ മുതല്‍ തോന്നിയ ആശയവും ആഗ്രഹവുമാണ് ചിത്രരചന എന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കൈവിരലുകള്‍ക്ക് അല്പം ചലനശേഷി കിട്ടിയപ്പോള്‍ കിടക്കയില്‍ കിടന്ന് ചിത്രകലയുടെ മായാലോകത്തേക്ക് കടന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരന്. ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ചിത്രരചനയോടുള്ള താല്പര്യം പറഞ്ഞപ്പോള്‍ അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് പടംവരയ്ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു. പരസഹായം വേണം എന്നതിനാല്‍ വേഗത്തില്‍ വരയ്ക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഇന്ന് ധാരാളം ചിത്രങ്ങള്‍ സ്വാമിരാജ് വരച്ചുകഴിഞ്ഞു. പ്രകൃതിഭംഗിയും പക്ഷികളും ദൈവങ്ങളും ജലാശയങ്ങളും ഇഷ്ടതാരങ്ങളുമെല്ലാം സ്വാമിരാജിന്റെ ക്യാന്‍വാസില്‍ പതിഞ്ഞുകഴിഞ്ഞു. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ കടുത്ത ആരാധകനാണ് സ്വാമിരാജ്. ഇവരെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രരചനയിലാണ്.
എയര്‍ബെഡില്‍ ചരിഞ്ഞു കിടന്നാണ് ചിത്രരചന. അധികനേരം ഇങ്ങനെ തുടരാന്‍ ബുദ്ധിമുട്ടാണ്. ജലച്ഛായവും പെന്‍സില്‍ രചനയുമാണ് പ്രധാനമായും. 2018ലെ പ്രളയത്തില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം കയറി. വരച്ച കുറേചിത്രങ്ങള്‍ ഇങ്ങനെ നഷ്ടമായി. തന്റെ മകന് എന്നെങ്കിലും എഴുന്നേല്ക്കും എന്ന വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമാണ് അമ്മ അമ്മിണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: