കുണ്ടറ : പീഡന പരാതിയില്‍ ഒത്തുതീര്‍ക്കാനാവില്ല. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അച്ഛന്. കേസ് പാര്‍ട്ടി വിഷയമല്ല. പോലീസ് ഇതുവരെ കേസില്‍ അന്വേഷണമൊന്നും നടത്തിയിട്ടില്ല. അന്വേഷണം നടന്നെങ്കില്‍ മാത്രമേ നടപടികള്‍ തൃപ്തികരമാണോയെന്ന് പറയാന്‍ സാധിക്കുവെന്നും യുവതിയുടെ അച്ഛന് അറിയിച്ചു.
അതേസമയം ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ നിയമിച്ചത് സംബന്ധിച്ച് തനിക്ക് അറിവില്ല. പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ കമ്മീഷന് ഉണ്ടെങ്കില്‍ അ്ന്വേഷണത്തോട് സഹകരിക്കുമെന്നും യുവതിയുടെ അച്ഛന് പറഞ്ഞു.
അതിനിടെ മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. മന്ത്രി തൃപ്തികരമല്ലാത്ത വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടെത്തി കാണാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും രാജിവെയ്ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം അത് ശ്രദ്ധാപൂര്‍വ്വം കേട്ടു. നിയമസഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. അതിനാല്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് താന്‍ നല്കിയ വിശദീകരണം തൃപ്തികരമാണോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശീന്ദ്രന് മറുരടി നല്കി.
രണ്ടാം പിണറായി സര്‍ക്കാരില്‍ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചാല്‍ അദ്ദേഹത്തിന് പുറത്തേക്ക് പോകാന്‍ വഴിയൊരുങ്ങും. തുടര്‍ച്ചയായി രണ്ട് സര്‍ക്കാരുകളില്‍ നിന്നും അധാര്‍മിക വിഷയങ്ങകളില്‍ രാജിവയ്ക്കേണ്ടി വന്നുവെന്ന നാണക്കേട് ശശീന്ദ്രന് ചാര്‍ത്തി കിട്ടുകയും ചെയ്യും.
എന്‍സിപി നേതാവിനെതിരെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രിയുടെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പദ്മാകരനും, എന്‍സിപി പ്രവര്ത്തകന് രാജീവിനും എതിരെയാണ് കേസ് എടുത്തത്. എന്നാല്‍ പരാതി വ്യാജമാണെന്നാണ് പദ്മാകരനും അനുകൂലികളും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: