കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് തിരുത്തലുമായി വീണ്ടും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും താത്ത്വിക ആചാര്യനും മന്ത്രിയുമായ എം.വി. ഗോവിന്ദന്. മാസങ്ങള്‍ക്ക് മുമ്പ് ‘വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല’ എന്ന മന്ത്രി ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ക്സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെ തന്നെ തളളിപ്പറഞ്ഞു കൊണ്ട് മന്ത്രി കൂടിയായ സിപിഎം നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ചടങ്ങിലാണ് മാര്‍ക്സ് അര്‍ഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് എം.വി. ഗോവിന്ദന് വ്യക്തമാക്കിയത്. സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു മാര്‍ക്സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാന്‍ അതുവഴി സാധിച്ചു. എന്നാല്‍ ഇന്ന് ഉല്പാദന ബന്ധങ്ങള്‍ മാര്‍ക്സിന്റെ കാലത്തേക്കാള്‍ വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് കാറല്‍ മാര്‍ക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.
18 ലക്ഷം ശമ്പളം വാങ്ങുന്നവര്‍ ചൂഷണത്തെ കുറിച്ചു സംസാരിക്കുന്നതെന്തിനെന്നു ചിലര്‍ ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാള്‍ ഉല്പാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ചു വളര്‍ന്നിട്ടുണ്ടെന്നു മന്ത്രി വിശദീകരിച്ചു. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുത്. വളര്‍ന്നു വരുന്ന മേഖലയെ കൂടി ഉള്‍പ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാര്‍ക്സിസം പ്രസക്തമാകുന്നതെന്നും ഗോവിന്ദന് വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ റജിസ്ട്രാര്‍ ഡോ. എ. അശോകന്റെ ‘ഹെറ്ററഡോക്സ് ഇക്കണോമിക്സ്’ എന്ന പുസ്തകം പ്രകാശനം ചടങ്ങില്‍ സംസാരിക്കവേയാണ് ആധുനിക സമൂഹത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയില്‍ തിരുത്തലുമായി പാര്‍ട്ടി താത്വിക ആചാര്യന് കൂടിയായ അദ്ദേഹം രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പുതിയ അഭിപ്രായം പാര്‍ട്ടിക്കുളളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു ‘വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല’ എന്ന് അദ്ദേഹം വ്യക്തമാക്കിയത്. അത് ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമല്ലെന്നും ഇന്ത്യന്‍ സമൂഹം അതിനു പാകപ്പെടാത്തത് കൊണ്ടാണെന്നും ഗോവിന്ദന് അന്നു വിശദീകരിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനു കാരണമായി.
വര്‍ഷങ്ങളായി പാര്‍ട്ടി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കട്ടന്‍ ചായയും പരിപ്പുവടയും എല്ലാ കാലത്തും പാര്‍ട്ടി നയമായി കൊണ്ടുനടക്കാനാവില്ലെന്ന ഇ.പി. ജയരാജന്റെ പ്രസ്താവനയടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ചട്ടകൂടില്‍ നിന്നുളള വ്യതിചലനം ചൂണ്ടിക്കാട്ടിയായിരുന്നു എം.എന്‍. വിജയനെ പോലുളളവര്‍ പാര്‍ട്ടിയില്‍ നിന്നും അകന്നത്. ഇത്തരത്തിലുളളവര്‍ തെറ്റായി ചൂണ്ടിക്കാട്ടിയതിനെയെല്ലാം പുതിയ കാലഘട്ടത്തില്‍ പാര്‍ട്ടിനയമായി അംഗീകരിച്ച് കാറല്‍ മാര്‍ക്സിനെയടക്കം തളളിപ്പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയുമാണ്.
വിദേശ സഹായം സ്വീകരിക്കുന്നതിനെയടക്കം നഖശിഖാന്തം എതിര്‍ത്ത മാര്‍കിസ്റ്റ് പാര്‍ട്ടി ഇന്ന് സ്വപ്ന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കടക്കം വിദേശ സഹായത്തിനായി പരക്കം പായുന്ന സാഹചര്യമാണ് മുന്നിലുളളത്. നയം തുടര്‍ന്നാല്‍ പാര്‍ട്ടിയുണ്ടാവും ജനങ്ങള്‍ കൂടെയുണ്ടാവില്ലെന്ന തിരിച്ചറിവാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നിലെന്ന് വ്യക്തമാവുകയാണ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഗോവിന്ദന്റെ പുതിയ പ്രസ്താവന മാര്‍കസിസ്റ്റ് പാര്‍ട്ടിക്കുളളില്‍ വീണ്ടും പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: