ന്യൂദല്‍ഹി : രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പെരുമാറ്റം നിരുത്തരവാദപരവും ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 60 വര്‍ഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോണ്‍ഗ്രസിന് ഇപ്പോഴുമുള്ളത്. ദല്‍ഹി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിജെപി അധികാരത്തില്‍ എത്തിയത് കോണ്‍ഗ്രസ്സിന് ഇതുവരെ ദഹിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ പരാജയത്തിനുശേഷവും കോണ്‍ഗ്രസ് കോമാവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇതില്‍ നിന്നും പുറത്തുവരാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.
രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ല. പ്രതിപക്ഷം ആവശ്യമില്ലാതെ ആശങ്ക പ്രചരിപ്പിക്കുകയാണ്. ഇതുമൂലം ഇന്ന് ദല്‍ഹിയിലെ 20 ശതമാനത്തോളം മുന്‍നിര പ്രവര്‍ത്തകര്‍ പോലും വാക്സീന് എടുത്തിട്ടില്ല. കോവിഡ് പ്രതിസന്ധി രാഷ്ടീയ വിഷയമല്ല, മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയില്‍ ആരും പട്ടിണികിടക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വിതരണം നടത്തുന്ന ജൂലൈ 24നും 25നും റേഷന്‍ കടകളില്‍ പോയി പ്രവര്‍ത്തനം വിലയിരുത്തണമെന്നും മോദി എംപിമാരോട് അഭ്യര്‍ഥിച്ചു.
പ്രതിപക്ഷമെന്ന നിലയില്‍ ജനക്ഷേമ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടത്. അധികാരത്തിനുവേണ്ടിയുള്ളവരാണ് തങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴുമുള്ള ചിന്ത. ജനവിധി എതിരാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പാര്‍ട്ടി സ്വയം ക്ഷയിച്ചുകൊണ്ടിക്കുമ്പോഴും അത് ശ്രദ്ധിക്കാത്ത അവര്‍ പകരം ബിജെപിയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. കോവിഡ് പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: