ന്യൂദല്‍ഹി : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തിന് ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുമായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ സുരക്ഷ കര്‍ശ്ശനമാക്കി കഴിഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ വലിയ തോതില്‍ ഭീകരരര്‍ ഗൂഢാലോചന നടത്തുന്നതായാണ് സൂചന. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന പദവി നല്‍കിയത്. അതിനാല്‍ ഈ ദിവസം തന്നെ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് ഇന്റലിജെന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടക്കുന്നതിനാലും എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം അടുത്ത് വരുന്ന സാഹചര്യത്തിലും ഈ ദിവസങ്ങളിലെ സുരക്ഷ ദല്‍ഹി പോലീസ് കര്ശ്ശനമാക്കിയിട്ടുണ്ട്്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് ദല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞു. ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ കാശ്മീരിലടക്കം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടിയിലേക്ക് കടന്നത്.
അടുത്തിടെ ജമ്മു മവിമാനത്താവളത്തില് ഇരട്ട ഡ്രോണ്‍ ആക്രമണം നടക്കുകയും പാക്കിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തെ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. ദല്‍ഹിയില്‍ ഹോട്ട് എയര്‍ ബലൂണുകളും പറത്തുന്നതിനും വിലക്കുണ്ട്. ഇത് കൂടാതെ ഡ്രോണുകളെ തകര്‍ക്കുന്നതിന് പോലീസ് സേനാംഗങ്ങള്‍ക്ക് പരിശീലനവും നല്കി വരുന്നുണ്ട്.
ദല്‍ഹി പോലീസ് കമ്മിഷണറായി പുതുതായി ചുമതലയേറ്റ ബാലാജി ശ്രീവാസ്തവ ഈ മാസം തുടക്കത്തില്‍ തന്നെ സേനയ്ക്ക് വേണ്ട മുന്‍കരുതലുകളെപ്പറ്റി ഉദ്യോഗസ്ഥരെ വ്യക്തമായി അറിയിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഞായറാഴ്ച രാത്രി ദല്‍ഹി നഗരത്തിലാകെ രാത്രികാല പെട്രോളിങ്ങും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: