Categories: Kollam

സേവാഭാരതി കൊല്ലം ജില്ലാ സമ്മേളനം ഇന്ന്; സേവന പാതയില്‍ മൂന്നര പതിറ്റാണ്ട്

ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാനുള്ള സന്നദ്ധ സേവാപ്രവര്‍ത്തനത്തിന് ജില്ലയെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ച് പഞ്ചായത്ത്, വാര്‍ഡ്തല ഹെല്‍പ്പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിപുലമായ സന്നദ്ധ സേവാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

Published by

കൊല്ലം: സേവന പാതയില്‍ മൂന്നര പതിറ്റാണ്ടിന്റെ കരുത്തുമായി സേവാഭാരതി കൊല്ലം ജില്ലാ സമ്മേളനം ഇന്ന്. ജില്ലയില്‍ 1987ലാണ് സേവാഭാരതിക്ക് തുടക്കം കുറിച്ചത്. 1988ലെ പെരുമണ്‍ ദുരന്തം, 1992-ല്‍ മണ്‍ട്രോതുരുത്ത്, കിഴക്കെ കല്ലട, പടിഞ്ഞാറെ കല്ലട, കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍, 2004-ലെ സുനാമി, 2016-ലെ പരവൂര്‍ പുറ്റിങ്ങില്‍ ദുരന്തത്തിലും ദിവസങ്ങള്‍ നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിയത്. കൊല്ലം ജില്ലയില്‍ 46 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും കോര്‍പ്പറേഷനിലും സേവാഭാരതി യൂണിറ്റുകള്‍ സജീവമാണ്.  

ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാനുള്ള സന്നദ്ധ സേവാപ്രവര്‍ത്തനത്തിന് ജില്ലയെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ച് പഞ്ചായത്ത്, വാര്‍ഡ്തല ഹെല്‍പ്പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിപുലമായ സന്നദ്ധ സേവാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.  

ആരോഗ്യസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം സേവാഭാരതിക്ക് ലഭ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമാജികം, അടിയന്തര ഘട്ടങ്ങളിലും നിരവധി സേവാ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം സേവാഭാരതി നടത്തിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ദേശീയ സേവാഭാരതി ആവിഷ്‌ക്കരിച്ച വിദ്യാദര്‍ശന്‍ പദ്ധതി പ്രകാരം ടിവി, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്പുകളും വിതരണം ചെയ്തു.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പ് രോഗികളും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തിവരുന്നു. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ആംബുലന്‍സുകള്‍, അടിയന്തര പ്രവര്‍ത്തന വാഹനങ്ങള്‍ എന്നിവ വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഒരു ബാലാശ്രമവും സേവാഭാരതിയുടെ കീഴിലുണ്ട്.  

കൊവിഡ് കാലത്ത് ആരോഗ്യ സുരക്ഷയ്‌ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി എല്ലാ പഞ്ചായത്തിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിവിധ യൂണിറ്റുകളിലായി  ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ജീവന്‍ പള്‍സ് ഓക്‌സിമീറ്റര്‍, ഹെല്‍പ്പ് ഡെസ്‌കുകള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍, ടെലി മെഡിസിന്‍, രോഗം ബാധിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷണം, രക്തദാനം, പ്രതിരോധ മരുന്ന് വിതരണം, ശവസംസ്‌കാരം, അണുനശീകരണം, വാഹന സൗകര്യം, മരുന്നു വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ജില്ലയില്‍ ആയുഷ് വിതരണ ചുമതലയും മികച്ച രീതിയില്‍ സേവാഭാരതി നടത്തി.  

ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് നാലിന് വെര്‍ച്വലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിട്ട. സെക്രട്ടറി ജനറല്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്യും. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. എന്‍.എന്‍. മുരളി അധ്യക്ഷത വഹിക്കും.  

ആര്‍എസ്എസ് പ്രാന്ത പ്രൗഡപ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, സംഭാഗ് കാര്യവാഹ് വി. മുരളീധരന്‍, റിട്ട. കേണല്‍ എസ്. ഡിന്നി, ഡോ.കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by