കൊല്ലം: ഓണം വിപണി മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കൊവിഡ് നിയന്ത്രണം തുടരുന്നതിനിടെ വിപണി ഉറപ്പാക്കാന്‍ പദ്ധതികളില്ല. 16 ഇനം ഭക്ഷ്യവിഭവങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചതല്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വില ഉത്പാദനച്ചെലവ് കണക്കാക്കിയാല്‍ ആശ്വാസകരവുമല്ല.
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും മൂന്നാം തരംഗം അടുത്ത മാസത്തോടെ വരികയും ചെയ്താല്‍ ഇക്കൊല്ലം ഓണാഘോഷം കടുത്ത നിയന്ത്രണത്തിലായിരിക്കും. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി വിളവെടുപ്പും വില്പനയും നടക്കുന്നത് ഓണം സീസണിലാണ്.
കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും കുടുംബശ്രീയും ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കാന് നിലവില്‍ വിപണിയില്ല. പ്രാദേശിക കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളും ലേലം സ്റ്റാളുകളും കൊവിഡില്‍ അടച്ചതിനാല്‍ അത്തരത്തിലും വിപണന സാധ്യതയും ഇല്ലാതായി. നടപ്പു മാര്‍ക്കറ്റു വിലയുടെ മൂന്നിലൊന്നു മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തറവില. ഹോര്‍ട്ടി കോര്‍പ്പും മറ്റ് ഏജന്‍സികളും പ്രാദേശിക തലത്തില്‍ സംഭരണം നടത്തുന്നുമില്ല.
ഏത്ത കുല നാടന്‍-30, ഉരുളക്കിഴങ്ങ്-20, കാരറ്റ്-21, കുമ്പളങ്ങ-9, കപ്പ-12, വെണ്ട-20, പാവയ്ക്ക-30, തക്കാളി-8, കൈതച്ചക്ക-15 വെളുത്തുള്ളി-139 പടവലം-30, വെള്ളരി-8, കാബേജ്-11, ബീറ്റ്റൂട്ട്-21, ബീന്‍സ്-28, വള്ളിപ്പയര്‍-34 എന്നിങ്ങനെയാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ നിരക്കില്‍ വിളവുകള്‍ വിറ്റാല്‍ ഭീമമായ നഷ്ടമാണു കര്‍ഷകര്‍ക്കുണ്ടാകുക. വലിയ തോതില്‍ വിളവെടുപ്പ് നടത്തിയാല്‍ സംഭരിച്ചുവയ്ക്കാനോ കൃത്യസമയത്ത് വിറ്റ് പണം വാങ്ങാനോ നിലവില്‍ സാഹചര്യമില്ല. കൊവിഡ് നിയന്ത്രണം മുന്‍ നിര്‍ത്തി സംഭരണം ഏതു രീതിയില്‍ നടപ്പാക്കുമെന്നതില്‍ കൃഷി വകുപ്പ് കൃത്യമായ ധാരണ നല്‍കിയിട്ടുമില്ല.
മീനു ജോബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: