ഇടവെട്ടി: കനത്തമഴയില്‍ തൊണ്ടിക്കുഴ സര്‍ക്കാര്‍ സ്കൂളിന് സമീപത്തായി ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലത്തില്‍ വെള്ളം കയറുന്നത് പതിവാകുന്നു. വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ തുടരുന്ന ഈ പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും പഞ്ചായത്ത്-എംവിഐപി ധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
തൊണ്ടിക്കുഴ എംവിഐപി അക്വഡേറ്റിന് താഴെയാണ് വീതി കുറഞ്ഞ കൈവരിയില്ലാത്ത പാലം സ്ഥിതി ചെയ്യുന്നത്. ചെറിയ മഴയെത്തിയാല്‍ പോലും ഇവിടെ വെള്ളം കയറുകയും ഗതാഗതം തടസപ്പെടുന്നതും പതിവാണ്. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി 1970കളില്‍ പണി പൂര്‍ത്തിയാക്കിയാണ് ഈ പാലം. തൊണ്ടിക്കുഴ- ഇടവെട്ടി കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗവും ഇതാണ്. ദിവസവും നിരവധി ചെറുതും വലുതുമായ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്.
4 വര്‍ഷം മുമ്പ് പാലത്തിന് സമീപത്തെ കല്‍കെട്ട് തള്ളിയാതായി കാട്ടിയുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് പാലം അപകടാവസ്ഥയിലെന്ന് കാട്ടി എംവിഐപി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് പുതിയപാലം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പഞ്ചായത്ത് ഇത് തങ്ങളുടേതല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡും മൂന്നാം വാര്‍ഡും ചേരുന്ന സ്ഥലമാണിത്. മാറിയെത്തിയ വാര്‍ഡ് മെമ്പര്‍മാര്‍ പുതിയ പാലമെന്ന ആവശ്യമായി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. പിന്നീട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന സമയത്ത് കമ്മിറ്റികൂടി ഈ വിഷയത്തില്‍ എംവിഐപിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്കി. എന്നാല്‍ കൊവിഡ് മൂലം ഫണ്ടില്ലെന്ന കാരണത്താല്‍ നടപടികള്‍ ഇഴയുകയാണ്. നേരത്തെ 2017ല്‍ പാലം പണിക്ക് എസ്റ്റിമേറ്റ് എടുക്കുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തെങ്കിലും ഫണ്ട് ലഭിച്ചില്ല.
4 അടിയെങ്കിലും ഉയര്‍ത്തണം
ഏകദേശം 12 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമാണ് നിലവിലെ പാലത്തിനുള്ളത്. ഈ പാലം പൊളിച്ച് നീക്കി 4 അടിയെങ്കിലും കുറഞ്ഞത് ഉയര്‍ത്തി 6 മീറ്റര്‍ വീതിയുള്ള പാലം നിര്‍മിച്ചെങ്കില്‍ മാത്രമാണ് വെള്ളം കയറാതെയും ഗതാഗത കുരുക്കില്ലാതെയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവുകയുള്ളൂ. ഇതിനായി ഇരുവശവും റോഡ് ഉയര്‍ത്തി നിര്‍മിക്കേണ്ടതുണ്ട്. സ്കൂളിന് സമീപത്ത് നിന്ന് ഇറക്കം ഇറങ്ങി വരുന്ന വഴി കുറഞ്ഞത് 50 മീറ്ററെങ്കിലും ഉയര്‍ത്തേണ്ടി വരും. മറുവശത്തും ഇറക്കമായതിനാല്‍ അവിടെയും റോഡ് ഉയര്‍ത്തി വേണം പാലം പണി നടത്താന്‍. തോടിന് വീതി കുറയാതെ വെള്ളം സുഗമമായി ഒഴുകി പോകാന്‍ സൗകര്യമൊരുക്കുകയും വേണം. സമീപത്ത് തന്നെ ഇരുവശത്തും വീടുകളുള്ളതിനാല്‍ ഇവരുടെ യാത്രമാര്‍ഗവും തടസപ്പെടാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: