ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനംതന്നെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പുതിയ കേന്ദ്രമന്ത്രിമാരെ ലോക്സഭയില്‍ പരിചയപ്പെടുത്തുന്നതില്‍നിന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രധാനമന്ത്രിയെ തടസ്സപ്പെടുത്തി. നാലു മാസത്തെ ഇടവേളയ്ക്കുശേഷം സഭ ചേര്‍ന്നപ്പോള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അബ്ദുസ്സമദ് സമദാനി അടക്കം നാലു പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ജൂലൈ ഏഴിന് നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി എഴുന്നേറ്റു.
എന്നാല്‍ പിന്നാലെ പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടപടികള്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. ‘കൂടുതല്‍ സ്ത്രീകളും എസ്സി, എസ്ടി, ഒബിസി വിഭാങ്ങളില്നിന്നുള്ള അംഗങ്ങളും മന്ത്രിമാരായത് ചിലയാളുകള്‍ക്ക് ദഹിച്ചിട്ടില്ല. ധാരാളം സ്ത്രീകളും പട്ടികജാതി, പട്ടിക വിഭാഗങ്ങളില്‍ പെടുന്ന അനവധി പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പുതിയ മന്ത്രിമാരില്‍ ധാരാളം പേര് കര്‍ഷകരുടെ മക്കളും ഒബിസി വിഭാഗങ്ങളില്‍നിന്നുള്ളവരുമാണ്’-ലോക്സഭയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിയതായി കണക്കാക്കണമെന്ന് അവരുടെ പട്ടിക സഭയ്ക്ക് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി സ്പീക്കര്‍ ഓം ബിര്‍ലയോട് അഭ്യര്‍ഥിച്ചു. മന്ത്രിമാരുടെ പരിചയപ്പെടുത്തല്‍ അംഗീകരിച്ചുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഓം ബിര്‍ല നിരന്തരം അഭ്യര്‍ഥിച്ചിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഉച്ചയ്ക്ക് രണ്ടുവരെ നാല്പത് മിനിറ്റോളം സഭ നിര്‍ത്തിവച്ചു. രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: