ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു സുപ്രധാന ലഷ്കര്‍ ഇ ത്വയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേരെ വധി്ച്ചു.
ഞായറാഴ്ച അര്‍ധരാത്രിയാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് സൈന്യം സാദിഖ് ഖാന് മേഖല അരിച്ചുപെറുക്കിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മറഞ്ഞിരിക്കുന്ന ഭീകരര്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു.
ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡര്‍ ആയ അബു അക്രം എന്ന ഇഷ്ഫാക് ദര് ആണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടതെന്ന് കശ്മീരിലെ ഐജി വിജയ് കുമാര്‍ അറിയിച്ചു. 2017 മുതല്‍ ഇദ്ദേഹം കശ്മീര്‍ താഴ വരയില്‍ സജീവമാണ്. മാജിദ് ഇഖ്ബാല്‍ എന്നൊരാളും സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളൂും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നേരത്തെ വെള്ളിയാഴ്ച ലഷ്കര്‍ ഇ ത്വയിബയില്‍ ഉള്‍പ്പെട്ട രണ്ട് പ്രാദേശിക തീവ്രവാദികളെ സുരക്ഷാസേന ശ്രീനഗറില്‍ വെടിവെച്ച് കൊന്നിരുന്നു. ഇവര്‍ ശ്രീനഗറില്‍ ജൂണില്‍ നടന്ന പല വെടിവെയ്പുകളിലും പങ്കെടുത്തവരായിരുന്നുവെന്നും സൈന്യം അറിയിച്ചു. ഇതില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറും ഒരു മൊബൈല്‍ കടയുടമയും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ട ഗ്രനേഡ് ആക്രമണത്തിന് പിന്നിലും ഇവരായിരുന്നു. ഈ മൂന്ന് ആക്രമണങ്ങളിലും അബു അക്രമും മാജിദ് ഇഖ്ബാലും പങ്കെടുത്തിരുന്നു. ഇവര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെപ്പെറ്റി വിവരം ലഭിച്ചതോടെയാണ് ഷോപിയാനിലെ സാദിഖ് ഖാന് മേഖലയില്‍ തിരച്ചില്‍ നടത്തിയത്. ഇപ്പോഴും സൈന്യം തിരച്ചില്‍ തുടരുകയാണെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: