കഴിഞ്ഞദിവസം സുപ്രീം കോടതി ഉന്നയിച്ച ഒരു പ്രധാന ചോദ്യമുണ്ട്; ‘കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷം കഴിയുമ്പോഴും നമുക്ക് ആവശ്യമുണ്ടോ?’. രാജ്യദ്രോഹകുറ്റം നേരിടുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 125 എ വകുപ്പിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍വി രമണ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചില അഭിപ്രായ പ്രകടനങ്ങള്‍ അന്ന് കോടതി നടത്തിയിരുന്നു. അത് വലിയ വാര്‍ത്തയുമായി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ സുപ്രീം കോടതിയുടെ നീക്കമായി അതിനെ ചിത്രീകരിക്കാന്‍ മാധ്യമങ്ങളില്‍ ശ്രമവും നടന്നു. തീര്‍ച്ചയായും ആ ഹര്‍ജി കോടതി പരിശോധിക്കട്ടെ. അന്നവിടെ ഹാജരായിരുന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സര്‍ക്കാര്‍ നിലപാട് സൂചിപ്പിച്ചിട്ടുണ്ട്; ‘ ഒരു നിയമവും വക്രീകരിക്കപ്പെട്ടുകൂടാ, ഒരു നിയമവും ദുരുപയോഗവും ചെയ്തുകൂടാ. എന്നാല്‍ ദേശവിരുദ്ധ ശക്തികളെ നേരിടുന്നതിന് ഒരു നിയമം ഉണ്ടായേ തീരൂ’ എന്നത് അദ്ദേഹം അറിയിച്ചു.
ആദ്യമേ സൂചിപ്പിക്കട്ടെ, സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് ശരിയല്ല; എന്നാല്‍ ഇതിത്രക്ക് വിവാദമാക്കാന്‍ ശ്രമങ്ങള്‍ നടന്നതുകൊണ്ട് ചില ചിന്തകള്‍ മറച്ചുവെക്കുന്നതും ഗുണകരമാവുകയില്ല. ഇവിടെ പ്രാഥമികമായി പരിശോധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്:
കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം എന്നത് കൊണ്ടാണോ 124 എ എതിര്‍ക്കപ്പെടുന്നത്?
ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ നടന്നതിന് സമാനമായ അതല്ലെങ്കില്‍ അതിനേക്കാള്‍ അപകടകരമായ
തെറ്റുകള്‍, കുറ്റങ്ങള്‍ ഇന്ന് നടക്കുന്നുവെങ്കില്‍ അത് നേരിടേണ്ടതാണ് എന്ന് ഒരു കോടതിക്ക് തോന്നേണ്ടതല്ലേ?
കൊളോണിയല്‍ കാലഘട്ടത്തിലെ എല്ലാ നിയമവും എല്ലാ സമ്പ്രദായങ്ങളും തിരുത്തപ്പെടേണ്ടതാണ് അഥവാ നിരാകരിക്കപ്പെടേണ്ടതാണ് എന്ന് കോടതിക്ക് അഭിപ്രായമുണ്ടോ?
നെഹ്രുവും കോണ്‍ഗ്രസും ഇരട്ടത്താപ്പും പിന്നെ മോദിയും
കോണ്‍ഗ്രസുകാരും മറ്റും ഇന്നിപ്പോള്‍ പറഞ്ഞുനടക്കുന്നത് ഐപിസിയിലെ 124എ വകുപ്പ് നിലനില്‍ക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ടാണ് എന്നും മറ്റുമാണ്. അതുകൊണ്ടുതന്നെ ഈ നിയമവശത്തിന്റെ ചരിത്രമൊന്ന് പരിശോധിക്കേണ്ടതുണ്ട്. 125 എ നിലവില്‍ വരുന്നത് 1870-ലാണ്. ഐപിസി രൂപം കൊണ്ടതാവട്ടെ, 1860-ലും. അന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനിമാരെ ജയിലിലടക്കാനായി അതുപയോഗിച്ചിട്ടുണ്ട്; ഈ പ്രശ്നം ഇന്ത്യന്‍ കോടതികള്‍ അനവധി തവണ പരിശോധിച്ചതാണ്. ഏറ്റവുമൊടുവില്‍ 1962 ജനുവരിയിലാണ് കേദാര്‍നാഥ് കേസിലും. അന്നും ഈ വകുപ്പ് ശരിവെക്കപ്പെടുകയാണുണ്ടായത്. ഭരണഘടനയിലെ അനുഛേദം 19 (1) (എ യുടെ ലംഘനമല്ല ഇതെന്നാണ് അന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നിലപാടെടുത്തത്. ആ വിധിന്യായത്തെ മറികടക്കാന്‍ സുപ്രീംകോടതി ഇതുവരെ തയ്യാറായതുമില്ല. അതായത് നിലവിലെ നിയമം കേദാര്‍നാഥ് കേസിലെ വിധി തന്നെയാണ്. ഇനി സുപ്രീംകോടതിക്ക് ചെയ്യാനാവുക ആ വിധി ഒരിക്കല്‍ക്കൂടി പുനഃപരിശോധിക്കുക എന്നതാണ്; അഞ്ചിലേറെ ജഡ്ജിമാരുള്ള ഒരു ബെഞ്ചില്‍. അപ്പോഴും നിയമത്തിന്റെ സാധുതയേ പരിശോധിക്കാനാവൂ, അല്ലാതെ അത് വേണ്ടതാണോ എന്നത് ഒരു കോടതിക്കും വിഷയമാക്കാനാവില്ല; കോടതിയല്ല അക്കാര്യം തീരുമാനിക്കേണ്ടത്.
ഇവിടെ ഒരു തമാശ നാം കാണുന്നുണ്ട്. നെഹ്രുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് ഈ കരിനിയമത്തിന് എതിരാണ് എന്ന പ്രസ്താവനകളാണത്. അത്തരം ചില പ്രസ്താവനകള്‍ നെഹ്രു നടത്തിയതായും കാണാം. 1947 മുതല്‍ കോണ്‍ഗ്രസ് എത്രയോ ദശാബ്ദം ഇന്ത്യ ഭരിച്ചു. അത്ര അപകടകരമാണെങ്കില്‍ എന്തുകൊണ്ടാണ് അന്നൊന്നും ഈ ‘കരിനിയമം’ എടുത്തുകളയാന്‍ ശ്രമിക്കാതിരുന്നത്?. അവര്‍ യാതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല കരിനിയമത്തിന്റെ സാധുതയെ കോടതികള്‍ ചോദ്യം ചെയ്തപ്പോഴൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതിനെതിരെ അപ്പീലുമായി പോയി. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയില്‍ കേദാര്‍നാഥ് കേസിലും നാം അതുകണ്ടു.
ഉത്തര്‍ പ്രദേശിലും ബീഹാറിലും ഉണ്ടായ കേസുകളില്ലെ അപ്പീലുകളാണ് അന്ന് സുപ്രീം കോടതി കേട്ടത്. 1957- ലെ ഒരു പ്രസംഗമാണ് കേദാര്‍നാഥിനെ കേസില്‍ കുടുക്കിയത്. കേന്ദ്രത്തിലെയും ബീഹാറിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നതായിരുന്നു ആ പ്രസംഗത്തിലെ പ്രധാന വിമര്‍ശനം. മറ്റൊന്ന് 124എ ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ് എന്ന് വ്യക്തമാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ്. രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അന്നു ഭരണത്തിലുള്ളത് നെഹ്രുവും കോണ്‍ഗ്രസുമാണല്ലോ. ആ നിയമം അപ്പോഴേ അവര്‍ക്ക് റദ്ദാക്കാമായിരുന്നല്ലോ. ചെയ്തില്ലെന്ന് മാത്രമല്ല ആ നിയമം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അന്നൊക്കെ നിലപാടെടുത്തു. 1950 -കളില്‍ ബ്രിജ് ഭൂഷണ്, രമേഷ് താപ്പര്‍ കേസുകളിലും നെഹ്രുവും കോണ്ഗ്രസുമെടുത്ത നിലപാടുകള്‍ സമാനമായിരുന്നു.
കഴിഞ്ഞില്ല, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും എന്തൊക്കെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമാണിതൊക്കെയും. കാണ്‍പൂര്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് അസീം തൃവേദിയെ 2012 -ല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. അഴിമതി ചൂണ്ടിക്കാട്ടിയുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതാണ് കുറ്റം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാത്രം ആയിരക്കണക്കിന് ആളുകളുടെ നേര്‍ക്കാണ് ഈ വകുപ്പ് പ്രകാരം കേസെടുത്തത്. തമിഴ്നാട്ടില്‍ കൂടംകുളം വിരുദ്ധ സമരവുമായി ബന്ധപ്പെട്ടെടുത്ത കേസുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ടത് ‘ഇന്ത്യ സര്‍ക്കാരിനെതിരായി യുദ്ധം ചെയ്യാന്‍ തയ്യാറായി’ എന്നതായിരുന്നല്ലോ. 2012 -ല്‍ മാത്രം ഈ’കരിനിയമം’ ഉപയോഗിച്ച് 9,000 -ഓളം കേസുകളാണെടുത്തത്; അന്ന് ഇന്ത്യ സര്‍ക്കാര്‍ എന്നാല്‍ സോണിയയും മന്മോഹന് സിങ്ങും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ തന്നെ. എന്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ‘പോട്ട’ -യും യുഎപിഎ-യും കൊണ്ടുവന്നത് എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ടല്ലോ.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് എന്താണ് നടന്നത്. ഇത്തരം കേസുകള്‍ യഥാര്‍ത്ഥത്തില്‍ അക്കാലത്ത് കുറയുകയാണുണ്ടായത്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ വര്‍ഷവും ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം പാര്‍ലമെന്റില്‍ വെച്ചിരുന്നു. 2014- 47, 2015- 30, 2016- 35, 2017- 51, 2018- 70, 2019- 93. അപ്പോഴാണ് ചിലര്‍ ഹാലിളകി നടക്കുന്നത്. ശരിയാണ്, ഇപ്പോഴും കേസുകളുണ്ടാവുന്നുണ്ട്. പക്ഷെ, വേണ്ടത്ര തെളിവുള്ള, യഥാര്‍ത്ഥ രാജ്യദ്രോഹ കേസുകളിലേ, ഈ വകുപ്പ് ചുമത്തപ്പെടുന്നുള്ളൂ. എന്നിട്ടും കോടതിക്കും സംശയമുണ്ടായാല്‍, തീര്‍ച്ചയായും വസ്തുതകള്‍ എല്ലാം പരിശോധിക്കപ്പെടട്ടെ.
കൊളോണിയല്‍ പാരമ്പര്യമോ യഥാര്‍ത്ഥ പ്രശ്നം?
രാജ്യദ്രോഹകരമായ നിലപാടുകള്‍ പല കോണുകളില്‍ നിന്നും വലിയതോതില്‍ ഉയരുന്നത് കാണാതെ പോകാന്‍ ഒരു രാജ്യത്തെ നയിക്കുന്ന ഭരണകൂടത്തിനാവുമോ എന്നതാണ് മറ്റൊരു കാര്യം. നമ്മുടെ ഒരു പ്രധാന ശത്രുരാജ്യവുമായി എംഒയു ഒപ്പുവെച്ച കക്ഷിയും അവര്‍ക്ക് വിധേയമായി രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നവരും ആഗോള ഭീകരതക്ക് കൂട്ടുനില്‍ക്കുന്നവരുമൊക്കെ നിറഞ്ഞാടുന്ന നാടാണിത് എന്നത് കോടതിക്ക് കാണാതിരിക്കാനാവുമോ? ഇന്ത്യയെ തകര്‍ക്കുമെന്ന് പരസ്യ പ്രസ്താവന നടത്തുന്ന ഇസ്ലാമിക ഭീകരന്മാരുടെ സംഘവും അവര്‍ക്കൊപ്പം ജീവിക്കുന്നവരും. ഇത്തരം ശക്തികളെ നേരിടുന്നതിന് എന്താണ് മറ്റൊരു മാര്‍ഗം എന്നതും കോടതികള്‍ ചിന്തിക്കേണ്ടതല്ലേ? കൊളോണിയല്‍ കാലഘട്ടത്തിലേതിനേക്കാള്‍ അപകടകരമായ അവസ്ഥ ഇന്നുണ്ടാവുന്നുണ്ടെങ്കില് ………..?
നമ്മുടെ ജുഡീഷ്യറി കൊളോണിയല്‍ സംസ്കാരത്തെ അപ്പാടെ നെഞ്ചിലേറ്റുന്നവരാണ് എന്ന് കരുതുന്ന കുറേപ്പേര് ഇന്നും ഇവിടെയുണ്ടല്ലോ. അത്തരക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് കോടതിയലക്ഷ്യ നിയമം. അതിന്റെ ഉദയവും ഇപ്പറഞ്ഞ കൊളോണിയല്‍ യുഗത്തിലാണല്ലോ, 1773-ല്‍. കോടതിയെ വിമര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സായിപ്പ് കൊണ്ടുവന്നതാണത്. ഇന്നിപ്പോള്‍ കോടതിയെ വിമര്‍ശിച്ചുകൂടാ, എന്നാല്‍ രാജ്യത്തെ എന്തും ചെയ്യാം, എന്തും പറയാം എന്ന് സുപ്രീം കോടതിക്ക് ഒരു നിലപാടെടുക്കാനാവുമോ?
മറ്റൊന്ന്, കോടതിയിലെ കോട്ട് – വേഷം, കോടതി ഭാഷ, കോടതിയിലെ അഭിസംബോധനാ രീതികള്‍ …. എന്തിനേറെ വാര്‍ഷിക വെക്കേഷന് പോലും കൊളോണിയല്‍ സംസ്കാരത്തിലൂന്നിയാണ് എന്നൊക്കെ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് കണ്ടിട്ടുണ്ട്. ബ്രിട്ടീഷുകാരന്റെ സംസ്കാരവും ഓര്‍മ്മകളും പേറുന്നു എന്ന് കുറച്ചുപേരെക്കൊണ്ടെങ്കിലും ചിന്തിപ്പിക്കുന്ന സമ്പ്രദായത്തിലല്ലേ നാമിന്നുള്ളത്? പ്രാചീന ഇന്ത്യന്‍ ജുഡീഷ്യല്‍ സമ്പ്രദായം എത്രയോ നൂറ്റാണ്ടുകള്‍ ഇവിടെ ഭംഗിയായി നിലകൊണ്ടു; വേദ കാലഘട്ടം മുതല്‍… മഹാഭാരതവും രാമായണവുമൊക്കെ അത് വിളിച്ചോതുന്നുണ്ടല്ലോ. ‘ശുക്രനീതിസാര’-ത്തില്‍ ഇവിടത്തെ ജുഡീഷ്യല്‍ സമ്പ്രദായത്തെ വിശദീകരിക്കുന്നുണ്ട്.
ചന്ദ്രഗുപ്തമൗര്യന്റെയും ചാണക്യന്റെയുമൊക്കെ കാലഘട്ടവും ഓര്‍ക്കുക. ജഡ്ജിമാരുടെ യോഗ്യതകള്‍, അവര്‍ നീതി നടപ്പിലാക്കേണ്ട രീതി, അഴിമതിക്കാരായ ജഡ്ജിമാരുടെ സ്വത്ത് കണ്ടുകെട്ടുന്നത്, അങ്ങിനെ എന്തൊക്കെ. അതൊക്കെ നാം മറന്നു; അതിലേക്കൊക്കെ ഒന്ന് ഇറങ്ങിച്ചെല്ലാന്‍ ഇന്നത്തെ ജുഡീഷ്യറിക്ക് ബാധ്യതയും ചുമതലയുമില്ലേ എന്നു തുടങ്ങിയ ചോദ്യങ്ങളും സമൂഹത്തില്‍ കേള്‍ക്കുന്നുണ്ടല്ലോ. ആ കൊളോണിയല്‍ പാരമ്പര്യത്തെ തള്ളിപ്പറയുമ്പോള്‍ ഭാരതീയതയിലേക്ക് എന്തുകൊണ്ട് ഒന്ന് എത്തിനോക്കിക്കൂടാ. ജുഡീഷ്യറിക്ക് ഭാരതീയതയുടെ ഒരു പുതുമുഖം ഉണ്ടാവുമെങ്കില്‍… ഇതിനൊക്കെ ഈ പുതിയ ഹര്‍ജി വഴിയൊരുക്കട്ടെ എന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: