ന്യൂദല്‍ഹി:കേന്ദ്രമന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി.
ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകള്‍ ചോര്‍ത്തിയതെന്നും സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്ഡിയന് എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമെന്നാണ് സൂചന. അതിനുശേഷം താന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി.
പെഗാസസ് എന്ന ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇന്ത്യന്‍ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്സ്ആപ്പ് തന്നെയാണ് അന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര് പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, സ്വീകരിച്ചതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
2019 ഒക്ടോബറിൽ പെഗാസസ് ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാട്സ് ആപ്പിന്റെ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. ഇന്ത്യക്കാരുൾപ്പെടെ 1400 വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: