മുംബൈ:മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്പൂർ , വിക്രോളി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്ന വിവിധ സംഭവങ്ങളില്‍ 24 പേര് മരിച്ചു.
ചെമ്പൂരിലെ വാഷി നാക പ്രദേശത്ത് ഒരു വീടിന്റെ ചുമര് ഇടിഞ്ഞുവീണ് 17 പേരാണ് മരിച്ചത്. വിക്രോളിയിലെ പ്രാന്തപ്രദേശത്ത് അഞ്ച് ചെറിയ വീടുകള്‍ തകര്‍ന്ന് വീണ് ഏഴ് പേര് മരിച്ചു.
കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂർ , കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെയും വെസ്റ്റേണ്‍ റെയില്‍വെയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.17 ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചയുമായി പെയ്ത മഴയിലാണ് അപകടം.
ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോളിയിലെ സൂര്യനഗറില്‍ നിന്ന് ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്നും സഹായം
പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: