തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തില്‍ പത്തോളം സ്ത്രീകളുമായി ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം സജീവമായിരുന്നത് തിരിച്ചറിയാനാകാതെ കേരള പൊലീസ്. മാസങ്ങളോളമായി തമ്പാനൂര്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ആസാം പൊലീസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മിഷണര്‍ ഐ. ജി. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമ്പോള്‍ മാത്രമാണ് ഇത്തരമൊരു സംഘത്തെ കുറിച്ച് കേരള പൊലീസ് കേള്‍ക്കുന്നത്.
ദമ്പതികള്‍ എന്ന വ്യാജേന ഇടപാട് നടത്തിയതു കൊണ്ടാണ് തിരിച്ചറിയാന്‍ കഴിയാത്തത് എന്നാണ് പോലീസ് ഭാഷ്യം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും ഭാര്യാ ഭര്ത്താക്കന്മാരാണെന്ന് പറഞ്ഞ് ഒരുമിച്ച് താമസിച്ചാല്‍ ഒന്നും ചെയ്യാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടക്കുന്ന ലോഡ്ജുകളിലേക്ക് നിരവധി ഉത്തരേന്ത്യന്‍ കസ്റ്റമേഴ്സ് എത്തിയിട്ടും തിരിച്ചറിയാനാകാത്തത് പൊലീസിന്റെ വീഴ്ചയാണ്.
ദമ്പതികളുടെ ബന്ധുക്കള്‍ എന്ന വ്യാജേനെയാണ് ഇടപാടുകാരെ ലോഡ്ജുകളില്‍ കൊണ്ടു വന്നിരുന്നത്. ഉത്തരേന്ത്യക്കാരെ മാത്രമാണ് കസ്റ്റമേഴ്സായി കൊണ്ടുവന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജുകള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നീക്കം. ലോഡ്ജുടമകളെ വിളിച്ചു വരുത്തി വിവരം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉള്‍പ്പെടെ 18 പേരാണ് ഇന്നലെ പൊലീസ് പിടിയിലായത്. പതിനെട്ട് വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടത്തിലുണ്ട്. ഇതില്‍ പെണ്‍വാണിഭത്തിന്റെ സൂത്രധാരന്മാരായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന് ഒഴികെയുള്ളവരെ പിഴ ചുമത്തി വിട്ടയച്ചു. സ്ത്രീകളെയും രണ്ട് പ്രതികളെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് അസാമിലേക്ക് കൊണ്ടു പോകാനാണ് തീരുമാനം.
ആസാമില്‍ മനുഷ്യക്കടത്തിനാണ് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ത്രീകളെ തിരുവനന്തപുരത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജൂലൈ 11നാണ് അസമില്‍ ഇരുവരെയും പ്രതികളാക്കി കേസെടുത്തത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇന്നലെ ആസാം പൊലീസ് തിരുവനന്തപുരത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: