ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതുമയും കൗതുകവും ജനിപ്പിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. തെലങ്കാനയില്‍ നിന്ന് വന്ന വാര്‍ത്ത അവിശ്വസനീയമെന്നുപോലും പറയാനാകുന്നില്ല. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ നിയമനമാണ് വാര്‍ത്തയ്‌ക്കടിസ്ഥാനം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസ്ഥയും ദുരവസ്ഥയും അറിയുമ്പോള്‍ വാര്‍ത്ത അവിശ്വസിക്കാനല്ല, വിശ്വസിക്കാനാണ് തോന്നുന്നത്. ആശയും പ്രത്യയശാസ്ത്രവും ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ മാനംവിറ്റും പണമുണ്ടാക്കാനാണോ താല്പര്യമെന്ന് സംശയിക്കുന്നത് സ്വാഭാവികം.
തെലങ്കാന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചത് കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയത് പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തന്നെയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിയമിച്ച പുതിയ പ്രസിഡന്റ് രേവനാഥ് റെഡ്ഡിയുടെ നിയമനമാണ് 50 കോടി രൂപ കോഴ വാങ്ങി നടത്തിയതാണെന്ന വെളിപ്പെടുത്തല്‍. തെലങ്കാന ഘടകം സെക്രട്ടറി കൗശിക് റെഡ്ഡിയാണ് ആരോപണം ഉന്നയിച്ചത്. മുന്‍ ടിപിസിസി അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡിയുടെ ബന്ധുവാണ് കൗശിക് റെഡ്ഡി. തെലങ്കാനയിലെ ഹുസുരാബാദ് നിയോജക മണ്ഡലത്തിന്റെ ചുമതല ഉണ്ടായിരുന്ന കൗശിക് വിവാദം ആരംഭിച്ചതോടെ ടിപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം ഇയാള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാതെയാണ് കൗശിക് രാജി സമര്‍പ്പിച്ചത്.
എന്നാല്‍, ആരോപണം നിഷേധിച്ച് ടിപിസിസി പ്രസിഡന്റ് രേവനാഥ് റെഡ്ഡി രംഗത്ത് എത്തിയിട്ടുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ടിആര്‍എസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ വീണ്ടും കലാപം.
കേരളത്തിലെ പിസിസി പ്രസിഡന്റ് കോഴ നല്‍കിയോ എന്നറിയില്ല. ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ കെ. സുധാകരന്‍ തയ്യാറാകേണ്ടതാണ്. അതുപോലെ തന്നെയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് നിയമനത്തെയും കാണേണ്ടത്. കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യം നന്നായറിയാവുന്ന നേതാവാണ് പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ട വി.ഡി. സതീശന്‍. വിവരവും വിവേകവും പ്രകടമാകുന്ന പെരുമാറ്റമാണ് വി.ഡി. സതീശന്റേതെന്ന് പലകുറി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷനേതാവായ ശേഷം ആളാകെ മാറി. പണം നല്‍കി നിയമനം നേടിയതാണോ? നല്‍കുമ്പോഴും നിയമിക്കപ്പെടുമ്പോഴും വല്ല കരാറും ഉണ്ടായിരുന്നോ? പ്രതികരണം ശ്രദ്ധിച്ചാല്‍ സ്വാഭാവികമായും ഇങ്ങിനെ സംശയിക്കണം.
ഹിന്ദുത്വ സംഘടനകളാണ് സതീശന്റെ കണ്ണിലെ കരട്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യദ്രോഹികളെന്ന മട്ടിലാണ് സതീശ് നിരീക്ഷിക്കുന്നത്. മുസ്ലീം ഭീകരസംഘടനകളുടെ തോളത്തിരിക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകളെ അധിക്ഷേപിക്കുന്നതില്‍ അത്ഭുതമില്ല.
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള അഭിപ്രായ പ്രകടനവും അതിന്റെ ഭാഗം തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിക്ക് പോയതെന്തിനെന്നത് രഹസ്യമല്ല. പോകുന്നതിന് മുന്‍പും കണ്ടതിനുശേഷവും ഉണ്ടായ കാര്യങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സതീശന് ഏറെ സംശയം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദല്‍ഹി യാത്ര ഒത്തുതീര്‍പ്പിന് വേണ്ടിയെന്ന ആരോപണവുമായാണ് സതീശന്‍ രംഗത്തുവന്നത്. കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒതുക്കിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിക്ക് പോയതത്രേ. കുഴല്‍പ്പണക്കേസ് എന്നൊന്ന് കേരളത്തിലില്ല. അതില്‍ ബിജെപി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രതിയുമല്ല. പിന്നെന്ത് ഒത്തുതീര്‍പ്പെന്നത് സതീശന് മാത്രം അറിയുന്ന കാര്യം. ഒത്തുതീര്‍പ്പും ഒത്തുകളിയും കോണ്‍ഗ്രസിന്റെ രക്തത്തില്‍ കലര്‍ന്നതാണ്. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ കെല്‍പ്പില്ലാതെ പ്രതിപക്ഷനേതാവ് ബിജെപിയെ ചാരി വാര്‍ത്തയില്‍ നിറയാന്‍ നോക്കുന്നതാണ് അല്‍പ്പത്തരം.
പ്രതിപക്ഷത്ത് ഇങ്ങിനെയൊരാള്‍ നില്‍ക്കുന്നതാണ് ഭരണക്കാര്‍ക്ക് ഞെളിയാന്‍ ധൈര്യം നല്‍കുന്നത്. കുട്ടികളുടെ സ്‌കൂളുകളുടെ മന്ത്രി ശിവന്‍കുട്ടി ഒന്നാന്തരം തെളിവ്. മന്ത്രിസ്ഥാനം എത്രനാളത്തേക്ക് എന്ന് നിശ്ചയമില്ലാതെ പിരിമുറുക്കവുമായി നില്‍ക്കുന്ന ആളാണ് ശിവന്‍കുട്ടി. പത്താംതരം പരീക്ഷയുടെ ഫലംവന്നപ്പോള്‍ ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം എന്ന ഗമയിലാണ് ശിവന്‍കുട്ടി. സ്‌കൂള്‍ മാസ്റ്റര്‍ എന്ന സിനിമയ്‌ക്കുവേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസും പി. സുശീലയും പാടിയ പാട്ടിന്റെ തുടക്കമാണ് ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം എന്ന പാട്ടിന്റെ തുടക്കം.ശിവന്‍കുട്ടി മന്ത്രിയായിട്ട് രണ്ടുമാസം പോലും തികഞ്ഞില്ല. അതിനുമുന്‍പാണ് പത്താംക്ലാസ് പരീക്ഷ. അതിന്റെ മികവ് പറയും മുന്‍പേ ശിവന്‍കുട്ടി മൊഴിഞ്ഞു.
”ഈ മികച്ച പ്രകടനത്തിന് പ്രത്യേകിച്ച് ഈ പരീക്ഷ നടത്തുന്നത് മുതല്‍ ദല്‍ഹിക്ക് തിരിക്കും വരെ ഇടപെടുകയും ആവശ്യമായ പിന്തുണയും പ്രേരണയും മുഖ്യമന്ത്രി നല്‍കി എന്നതാണ്.” അമ്പട ഞാനേ എന്നതുപോലെ. പ്രബുദ്ധകേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ഇത്രയും വങ്കത്തരം വിളമ്പണോ എന്നാരും ചോദിച്ചുപോകും. ഏതായാലും സുപ്രീംകോടതി നിശ്ചയിക്കും ഈ മന്ത്രിയുടെ ഭാവി എന്നാശ്വസിക്കാം. അത്തരം അതിക്രമമവും കോമാളിത്തരവുമാണല്ലോ ശിവന്‍കുട്ടി നിയമസഭയില്‍ കാട്ടിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: