കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയാന്‍ ഇനി ആറ് നാള്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ടീമുകള്‍ തയാറെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യയും ഇത്തവണ ഒളിമ്പിക്സിനെത്തുന്നത്. ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യം. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകള്‍.
ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടിയത് ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും 12 വെങ്കലവുമടക്കം ആകെ 28 മെഡലുകള്‍. ഇതില്‍ എട്ട് സ്വര്‍ണവും ഹോക്കിയില്‍ നിന്നാണ്. ഒരെണ്ണം ഷൂട്ടിങ് റേഞ്ചില്‍ നിന്നും. ടെന്നീസ്, ഭാരോദ്വഹനം, ബോക്സിങ്, ബാഡ്മിന്റണ്‍, ഗുസ്തി എന്നീ ഇനങ്ങളിലായിരുന്നു ഇന്ത്യയുടെ മറ്റ് മെഡലുകള്‍. ഹോക്കിക്ക് പുറമെ ഭാരോദ്വഹനം, ബോക്സിങ്, ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ നിന്ന് ഇന്ത്യ ഇത്തവണ മെഡല്‍ പ്രതീക്ഷിക്കുന്നു. ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന നീരജ് ചോപ്രയിലാണ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ. 4-400 മീറ്റര്‍ റീലേ ടീമും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബാഡ്മിന്റണില്‍ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേത്രിയും നിലവിലെ ലോകചാമ്പ്യനുമായ പി.വി. സിന്ധുവിന്റെ സാന്നിധ്യമാണ് വലിയ പ്രതീക്ഷ. റിയോ ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്.
അഞ്ച് പുരുഷന്മാരും നാല് വനിതകളുമടങ്ങുന്ന ബോക്സിങ്ങാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു ഇനം. ആറ് തവണ ലോക ചാമ്പ്യനായ സൂപ്പര്‍ താരം മേരി കോം തന്നെ പ്രധാന പ്രതീക്ഷ. ഇത്തവണ സ്വര്‍ണം നേടി കരിയര്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ തന്നെയാണ് മേരി ടോക്കിയോയിലും മത്സരിക്കുന്നത്. ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാകയേന്തുന്നതും മേരിയാണ്. 52 കി.ഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ അമിത് പംഗല്‍, വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ ലോക നാലാം നമ്പറായ സിമ്രാന്‍ജിത് കൗര്‍ എന്നിവരിലും രാജ്യം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
2018ലെ ഏഷ്യന്‍ ഗെയിംസ്, 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ സ്വര്‍ണം നേടിയ അമിത് പംഗല്‍ 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. സിമ്രാന്‍ജിത് കൗര്‍ 2018 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2019, 21 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും വെങ്കലവും നേടിയ താരമാണ്. പംഗലും സിമ്രാനും ആദ്യമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ മനിഷ് കൗശിക്, വികാസ് കൃഷ്ണന്, ആശിഷ് കുമാര്‍, സതീഷ്കുമാര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും ലൗലിന ബോര്ഗോഹെയ്ന്, 2019, 21 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ പൂജാറാണി എന്നിവരും റിങ്ങിലെ മെഡല്‍ പ്രതീക്ഷകളാണ്.
വനിതാവിഭാഗം ഭാരോദ്വഹനത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ മീരാബായ് ചാനു മത്സരിക്കാനിറങ്ങുന്നതാണ് ടോക്കിയോയില്‍ ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരിനം. നിലവില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ചാനു. 49 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്ന ചാനു രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: