കണ്ണൂര്‍: ഉത്തര മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി-മൈസൂരു റെയില്‍പാതയ്ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതോടെ മലബാറിലെ ജനങ്ങള്‍ ആഹ്ലാദത്തിലാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നാലെ റെയില്‍പാത കൂടി യാഥാര്‍ത്ഥ്യമായാല്‍ മലബാറില്‍ പ്രത്യേകിച്ച് ഉത്തര മലബാറില്‍ വന്‍ വികസന കുതിച്ചുചാട്ടം തന്നെ നടക്കും. റെയില്‍പാത ജനങ്ങളുടെ വര്‍ഷങ്ങളായുളള ആവശ്യമാണ്.
നിലവില്‍ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. നേരത്തെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഡിഎംആര്‍സിയെയായിരുന്നു നിശ്ചയിച്ചത്. കേരള അതിര്‍ത്തിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെങ്കിലും കര്‍ണാടക തടഞ്ഞതോടെ പ്രവര്‍ത്തനം നിലച്ച് ഡിഎംആര്‍സി പിന്മാറുകയായിരുന്നു.
കര്‍ണാടക സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ തലശേരി-മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാകും. കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. 11.5 കിലോമീറ്റര്‍ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്. 11.5 കിലോമീറ്റര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഷൊര്‍ണ്ണൂര്‍ വഴി ട്രെയിന്‍മാര്‍ഗം ബംഗളൂരുവിലേക്ക് 15 മണിക്കൂര്‍ വേണം. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍ കൊണ്ട് 207 കിലോ മീറ്റര്‍ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറില്‍ ബംഗളൂരിലും.
206 കി.മീറ്ററാണ് തലശ്ശേരി-മൈസൂര്‍ പാതയുടെ ദൂരം ഉദ്ദേശിക്കുന്നത്. 8000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 51% കേന്ദ്രസര്‍ക്കാരും 49% സംസ്ഥാനസര്‍ക്കാറും ചിലവിട്ടുകൊണ്ട് പാത യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പെരിയപട്ടണ, തിത്തിമത്തി, ബലാല്, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാല്‍, തൊണ്ടര്‍നാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂര്‍, തലശേരി വഴിയാണ് പാത കടന്ന് പോകുന്നത്.
പരിസ്ഥിതിലോലവും വന്യജീവി സങ്കേതങ്ങളും ഉള്‍പ്പെടുന്ന വനാന്തരത്തിലൂടെയുളള തലശ്ശേരി-മൈസൂര്‍ റെയില്‍ പാതയ്ക്ക് തുടക്കംതൊട്ടെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലമ്പൂര്‍-നഞ്ചന്‍ഗുഡ് പാതയ്ക്ക് പിന്നാലെ തലശ്ശേരി-മൈസൂര്‍ പദ്ധതിക്കും കര്‍ണാടകം എതിര്‍പ്പറിയിച്ചിരുന്നു.
കബനി നദിക്കു കുറുകെ തുരങ്കം നിര്‍മിക്കാമെന്ന നിര്‍ദ്ദേശം പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കര്‍ണാടക എതിര്‍ക്കുന്നത്. അതേസമയം കേന്ദ്രത്തിലും കര്‍ണ്ണാടകയിലും ബിജെപി സര്‍ക്കാരുകള്‍ ഭരണം നടത്തുന്നുവെന്നതിനാല്‍ പദ്ധതി ഇക്കുറി യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് മലബാറിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: