ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ താമസിക്കുന്ന വീടുകളില്‍ ബെംഗളൂരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗം മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍ യാതൊരു വ്യക്തമായ രേഖകളുമില്ലാതെ നഗരത്തില്‍ താമസിച്ചതിന് 38 വിദേശികള്‍ക്കെതിരെ കേസെടുത്തു. കഞ്ചാവ് കൈവശം വച്ച രണ്ടുപേരെയും, വിസാ കാലവധി കഴിഞ്ഞ ഏഴ് പേരെയും പോലീസ് പിടികൂടി.
മയക്കുമരുന്ന് നിര്‍മാര്‍ജനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരു സിസിബി പോലീസ് തുടരുകയാണ്. ഇവിടെ താമസിക്കുന്ന ചില വിദേശ പൗരന്മാര് മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും ബെംഗളൂരുവില്‍ വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അതിരാവിലെ, വിദേശികള്‍ താമസിച്ചിരുന്ന 65 വീടുകളില്‍ സിസിബി മിന്നല്‍ പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ചില വിദേശികളുടെ വസതികളില്‍ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി.വിദേശി നിയമം, എന്‍ഡിപിഎസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്.
ജോയിന്റ് പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, ആറ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍, 20 ഇന്‍സ്പെക്ടര്‍മാര്‍, 100 പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. ഇവരുടെ പക്കല്‍ നിന്നും 90 മയക്കുമരുന്ന് ഗുളികകളും കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശ പൗരന്മാര് ബെംഗളൂരുവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത് തടയുന്നതിനായി, വിദേശ പൗരന്മാരെ മയക്കുമരുന്ന് കേസുകളില്‍ പിടികൂടിയാല്‍ വീട്ടുടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് ബെംഗളൂരു പോലീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഉയര്‍ന്ന വാടക ലഭിക്കുന്നതിന് ചില ഭൂവുടമകള്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മുമ്പ് വിദേശ പൗരന്മാരുടെ രേഖകള്‍ പരിശോധിക്കുന്നില്ലെന്ന് പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: