കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ മരിച്ചു. കുണ്ടറയ്‌ക്ക് സമീപമാണ് സംഭവം. ഏറെ ആഴമുള്ള കിണറിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രഥമീക വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറ്റങ്കര പോളശേരി സ്വദേശികളായ സോമരാജന്‍ , രാജന്‍ എന്നിവരും കൊറ്റങ്കര ചിറയടി സ്വദേശികളായ ശിവപ്രസാദ് മനോജ് എന്നിവരുമാണ് മരിച്ചത്.
ഏറെ ആഴമുള്ള ഈ കിണര്‍ ശചീകരിക്കാന്‍ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. ഇവരില്‍ നിന്നു പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു. ഈ സമയം മൂന്നുപേര്‍ക്ക് ജീവനുണ്ടായിരുന്നു. ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാനായ വാത്മീകിനാഥ് കുഴഞ്ഞു വീണു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ് . നാലാമത്തെ ആളെയും പുറത്തെത്തിച്ച ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞു വീണത്. 80 അടിയോളമായിരുന്നു കിണറിന്റെ ആഴം. ജനവാസമേഖലയാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.
നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ നാട് ഞെട്ടിയിരിക്കുകയാണ്. എംഎല്‍എ പി.സി. വിഷ്ണുനാഥ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: