ന്യൂദല്‍ഹി: അറുപത് വര്‍ഷത്തിലേറെയായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐഎം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ ക്യൂബ നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഒരുവിഭാഗം തെരുവില്‍ പ്രതിഷേധിക്കുന്നു. ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 243 അധിക ഉപരോധം ബെഡനും തുടരുകയാണ്.
ഇതുകാരണം മരുന്നും വാക്സിനും ജീവന്‍രക്ഷാ ഉപകരണങ്ങളും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാന്‍ ക്യൂബയ്ക്ക് കഴിയുന്നില്ലന്നും സിപിഎം ന്യായീകരിച്ചു. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാന്‍ പൊരുതുന്ന ക്യൂബന്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പം നിലകൊള്ളാന്‍ യെച്ചൂരി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: