ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറിപ്പോഴുണ്ടായ അപ്രതീക്ഷിത അനുഭവത്തെക്കുറിച്ച് വിവരിച്ച് ഡിഎംകെ എംപി ദയാനിധി മാരന്. ‘താങ്കള്‍ ഈ വിമാനത്തിലാണോ യാത്ര’ എന്ന് വിമാനത്തിന്റെ ആദ്യ നിരയിലെ ഇരിപ്പിടത്തിലിരുന്ന ദയാനിധി മാരനോട് ക്യാപ്റ്റന്‍ ചോദിച്ചു. മുഖാവരണം ധരിച്ചിരുന്നതിനാല്‍ ക്യാപ്റ്റന്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്പം അമ്പരപ്പോടെ അതെയെന്ന് മാരന് തലകുലുക്കി. ‘താങ്കള്‍ക്ക് എന്നെ മനസിലായില്ല’ എന്ന് പരിചിതമായ ശബ്ദത്തില്‍ ക്യാപ്റ്റന്‍ ആശ്ചര്യത്തോടെ ചോദിച്ചു. എന്നാല്‍ മുഖാവരണത്തിന് പിന്നിലെ ചിരി ആളെ മനസിലാക്കി തന്നു.
‘അത് മറ്റാരുമല്ല, സഹപ്രവര്‍ത്തകനും മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്റെ നല്ല സുഹൃത്ത് തിരു രാജീവ് പ്രതാവ് റൂഡി’- ഓര്‍മിക്കാന്‍ ഒരു വിമാനം എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ മാരന് പറഞ്ഞു. പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു മാരന് ദല്‍ഹിയില്‍ എത്തിയത്. വിമാനത്തിന് രണ്ടു മണിക്കൂര്‍ മുന്‍പുവരെ മാരനും റെഡ്ഡിയും യോഗത്തിലെ ചൂടേറിയ ചര്‍ച്ചയില്‍ ഒരുമിച്ചുണ്ടായിരുന്നു. ‘ ഒരു രാഷ്ട്രീയക്കാരനില്‍നിന്ന് പൈലറ്റിലേക്കുള്ള അദ്ദേഹത്തിന്റെ രൂപമാറ്റം കണ്ട് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല’ എന്നും മാരന് കൂട്ടിച്ചേര്‍ത്തു.
ഒരു പാര്‍ലമെന്റ് അംഗം എങ്ങനെ ഇടയ്ക്കിടെ വാണിജ്യ വിമാനത്തിന്റെ ക്യാപ്റ്റനാകും?. ഞാന്‍ ഒരുപാടുകാലം ഇതേപ്പറ്റി സംസാരിക്കുമെന്നുറപ്പ്. ദല്‍ഹിയില്‍നിന്നു ചെന്നൈയിലേക്കുള്ള ഞങ്ങളുടെ സുരക്ഷിത വിമാനയാത്രയ്ക്ക് ക്യാപ്റ്റന്‍ രാജീവ് പ്രതാവ് റൂഡി എംപിക്ക് നന്ദി. ഈ വിമാനയാത്രയിലൂടെ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്ന് മാത്രമേ പറയാനാകൂവെന്നും മാരന് വ്യക്തമാക്കി. ബിഹാറില്‍നിന്നുള്ള ലോക്സഭാംഗമാണ് മുന്‍ വ്യോമയാന മന്ത്രിയായ റൂഡി. ബിജെപിയുടെ ദേശീയ വക്താവാണ്. പൈലറ്റ് ലൈസന്‍സ് നിലനിര്‍ത്താനുള്ള നിബന്ധനയുടെ ഭാഗമായി നിശ്ചിത കാലയളവില്‍ അദ്ദേഹം വിമാനങ്ങള്‍ പറത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: