തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലീന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമനം. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് ചുമതല. കോവിഡ് പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതിനു പിന്നില്‍ സിപിഎം ഇടപെടലാണ്.
സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഡോ. മുഹമ്മദ് അഷീലിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് സിപിഎം ഉയര്‍ത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കേണ്ട ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ അകറ്റുന്ന സമീപനമാണ് ഡോ. അഷീല്‍ സ്വീകരിച്ചതെന്നാണ് സിപിഎം വിലയിരുത്തല്‍.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കൊവിഡ് പ്രതിരോധ മുന്നണിയിലെ താരമാക്കാന്‍ സാമൂഹ്യമാധ്യമ ഇടപെടല്‍ ഉള്‍പ്പെടെ നടത്താന്‍ വന്‍തോതില്‍ പണം ചെലവഴിച്ചെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും മുകളില്‍ ശൈലജയെ പ്രതിഷ്ഠിക്കാന്‍ ഡോ. മുഹമ്മദ് അഷീല്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിമര്‍ശനം.ഇതിനു പിന്നാലെയാണ് അഷീലിനെ തീര്‍ത്തും അപ്രധാനമായ പോസ്റ്റിലേക്ക് മാറ്റിയത്.
സര്‍ക്കാരിനൊപ്പമായിരുന്ന ഐഎംഎ, കെജിഎംഒഎ തുടങ്ങിയവയെ കൊവിഡ് കാലത്ത് കൂടെ നിര്‍ത്താനായില്ല. അഷീലിന്റെ പല നടപടികളോടും എതിര്‍പ്പുണ്ടായ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനെതിരായ വിയോജിപ്പുകളായി അതു പ്രകടിപ്പിച്ചു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരായ പലരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാതെ സ്വന്തം ഇഷ്ടപ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിലും ബോധവല്‍ക്കരണത്തിലും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയാണ് അഷീല്‍ പ്രവര്‍ത്തിച്ചതെന്നും സിപിഎം പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലുപരി അഷീലിന് മാധ്യമ ഭ്രാന്തായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ചില ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സെല്‍ഫ് പ്രെമോഷന്‍ നടത്താനായി സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ട് വഴിവിട്ട് ഉപയോഗിച്ചെന്നും സിപിഎം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: