ആര്. സതീഷ്കുമാര്‍
വടശേരിക്കര (പത്തനംതിട്ട): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ ഗവിയില്‍ ഇന്റര്‍നെറ്റ് കണക്ഷനെത്തും. നെറ്റ് കണക്ഷനില്ലാത്തതിനാല്‍ രണ്ടു വര്‍ഷമായി ഈ പ്രദേശത്തെ നൂറ്റമ്പതിലധികം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയിരിക്കുകയായിരുന്നു.
തോട്ടം തൊഴിലാളികളുടെ മക്കളാണിവര്‍. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തുന്ന പട്ടിണി സമരത്തിന് പിന്തുണയറിയിക്കാന് എത്തിയപ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങിയത് ബിജെപി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല പിള്ളയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ശബ്ദസന്ദേശമായി പരാതി അയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ ഇടപെടുകയും പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കളോട് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ഗവിയില്‍ ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്നം പരിഹരിക്കാന്‍ മുമ്പ് ഇന്റര്‍നെറ്റ് ദാതാക്കള്‍ ശ്രമം നടത്തിയെങ്കിലും സമീപ പ്രദേശത്ത് ടവറുകളില്ലാത്തതിനാല്‍ പരിഹാരമായില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പുതിയ ടവര്‍ സ്ഥാപിക്കാന്‍ ആലോചനകള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ടു കമ്പനികളുടെ പ്രതിനിധികള്‍ പരാതിക്കാരനുമായി ആശയ വിനിമയം നടത്തി. ശബരിമല ഉള്‍പ്പെടുന്ന ഗവി പ്രദേശം അതീവ സംരക്ഷിത മേഖലയാണ്. അതിനാല്‍ ടവര്‍ നിര്‍മിക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതിയാവശ്യമുണ്ട്.
ടവര്‍ നിര്‍മാണത്തിനായി വനഭൂമി ലഭിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏകോപനമുണ്ടാക്കുന്നതിനു ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര്. നായര്‍, സീതത്തോട് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല പിള്ള, കോന്നി മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി. ബോസ് എന്നിവര്‍ അടുത്ത ദിവസം കളക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ഗവി സന്ദര്‍ശിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: