ചെന്നൈ: കേരളവുമായി അമേരിക്കക്കുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് ചെന്നൈയിലെ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് തിരുവനന്തപുരത്ത് വെര്‍ച്വല്‍ സന്ദര്‍ശനം നടത്തി. തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായും പ്രാദേശിക സംഘടനകളുമായും ചര്‍ച്ച നടത്തിയ അവര്‍ കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതല്‍ കോവിഡ് മഹാമാരിയെ ചെറുക്കുന്നതുവരെയുള്ള വിഷയങ്ങളില്‍ അമേരിക്കയും കേരളവും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ആരാഞ്ഞു. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും സ്ത്രീകളും യുവാക്കളും നല്കിയ സംഭാവനകള്‍ ചര്‍ച്ചാവിഷയമായി. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കാനഡ, മെക്സിക്കോ, കെനിയ എന്നിവിടങ്ങളിലേക്ക് ഈ വര്‍ഷം സംഘടിപ്പിച്ച സമാന യാത്രകളെ മാതൃകയാക്കിയാണ് ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം തിരുവനന്തപുരത്തേക്ക് വെര്‍ച്വല്‍ സന്ദര്‍ശനം ഒരുക്കിയത്.
”കോവിഡ്-19 യാത്രകള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും കേരളത്തിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഇടപഴകേണ്ടത് അവശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള വെര്‍ച്വല്‍ സന്ദര്‍ശനം ഈ സുപ്രധാന സംസ്ഥാനവുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ഇരുകൂട്ടര്‍ക്കും പൊതുതാല്‍പ്പര്യമുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം, സാമൂഹിക-സാമ്പത്തിക വികസനം, ബഹുസ്വര ചിന്താഗതി, സഹിഷ്ണുതയുടെയും സഹനത്തിന്റെയും ശക്തമായ പാരമ്പര്യം എന്നിവയെക്കുറിച്ച് എനിക്ക് ഒട്ടേറെ അറിവുകള്‍ പകര്‍ന്നു നല്കി. കേരളത്തിലേയും അമേരിക്കയിലേയും ജനങ്ങള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് കൂടുതല്‍ ആശയങ്ങളാല്‍ സമ്പന്നയാണ് ഞാനിപ്പോള്‍,” ജൂഡിത്ത് റേവിന് പറഞ്ഞു.
വിമാനത്താവള ഡയറക്ടര്‍ സി.വി.രവീന്ദ്രന് സ്വാഗതം ചെയ്തുകൊണ്ട് വെര്‍ച്വല്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. കേരള മാതൃകാ വികസനത്തെക്കുറിച്ചും വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ, തീരദേശമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സേവന മേഖലകള്‍, കണ്ടുപിടിത്തങ്ങള്‍ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ മേഖലകളിലുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഐടി പാര്‍ക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ എം. തോമസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്കായ ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍.വിശദീകരിച്ചു. കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് അറിയുന്നതിന് റേവിന് ഏഴ് പ്രമുഖ യു.എസ്., ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
വിമെന്‍സ് മുസ്ലിം അസോസിയേഷന്, ലൊയോള കോളേജ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം നടത്തിയ ഇംഗ്ലീഷ് ആക്സസ് മൈക്രോ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലെ (ആക്സസ്) പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പരിശീലകരെയും കോണ്‍സുല്‍ ജനറല്‍ വെര്‍ച്വലായി സന്ദര്‍ശിച്ചു. 13 മുതല്‍ 20 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ നല്കുന്ന പ്രോഗ്രാമാണ് ആക്സസ്. ആക്സസ് പരിശീലകനും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) പങ്കെടുത്തിട്ടുമുള്ള കേരള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി.എ. ലാല്‍ ചര്‍ച്ച നിയന്ത്രിച്ചു.
ഗവേഷണ, വിനോദ, സംരംഭകത്വ, എന്‍.ജി.ഒ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വനിതാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ വളര്‍ച്ച, സ്ത്രീ ശാക്തീകരണം, ലിംഗസമത്വം, തുല്യത എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍സുല്‍ ജനറല്‍ റേവിന് ചര്‍ച്ച നടത്തി.
ഗവണ്മെന്റ് ആര്‍ട്സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ഗോപകുമാരന്‍ നായര്‍ തിരുവനന്തപുരത്തിന്റെ ചരിത്രപരമായ പ്രധാന അടയാളങ്ങള്‍, അവയും നഗര പൈതൃകവുമായുള്ള ബന്ധം, ആധുനിക തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും സവിശേഷതകള്‍ എന്നിവ വിശദമായി അവതരിപ്പിച്ചു.
കേരളത്തിന്റെ ശ്രേഷ്ഠ കലാരൂപങ്ങള്‍ അണിനിരന്ന സാംസ്കാരിക സന്ധ്യയോടെയാണ് വെര്‍ച്വല്‍ സന്ദര്‍ശനം സമാപിച്ചത്. ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് നാടക കലാ വിദ്യാലയം, മാര്‍ഗി സെന്റര്‍ ഫോര്‍ കഥകളി ആന്‍ഡ് കൂടിയാട്ടം, ദാസ്യം ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം എന്നിവ അവതരിപ്പിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: