കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്യൂഷന് സെന്ററുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷം കഴിയുന്നു. കേരളത്തിലാകമാനം അമ്പതിനായിരത്തിലധികം ട്യൂഷന് സ്ഥാപനങ്ങളില്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ അധ്യാപകരായും മറ്റും തൊഴില്‍ ചെയ്യുന്നു. കൊവിഡ് മൂലം അടച്ചിടീല്‍ നീണ്ടു പോയതോടെ മിക്ക കുടുംബങ്ങളും പട്ടിണിയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിനോ, മുതിര്‍ന്നവര്‍ക്കുള്ള ചികിത്സക്കോ, ട്യൂഷന് ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള വാടകയോ കൊടുക്കാനാകുന്നില്ല.
പല സ്ഥാപനങ്ങളും വായ്പ എടുത്തു സ്കൂളുകള്‍ക്കു സമീപം ഭൂമി വാടകക്കെടുത്തു ഷെഡ്ഡടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ദുരിതത്തില്‍ നാളിതുവരെ ട്യൂഷന് ജീവനക്കാര്‍ക്ക് യാതൊരു അനൂകൂല്യങ്ങളും ലഭിച്ചിട്ടില്ല. അടച്ചിടീല്‍ നീണ്ടതോടെ പലരും വേറെ തൊഴില്‍ തേടി പോകേണ്ട അവസ്ഥയിലായി. തങ്ങളുടെ ദുരിതം കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ജീവനക്കാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എകെടിഎംഎ എന്നീ സംഘടനകളും ആവശ്യപ്പെടുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അവഗണനക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്തും. അധ്യാപക ജോലിയില്‍ നിന്നും ഞങ്ങള്‍ ഏതു ജോലിയിലേക്കാണ് ഇനി പോകേണ്ടി വരിക എന്ന കാര്യത്തില്‍ നിശ്ചയമില്ല. ഞങ്ങളുടെ കുടുംബങ്ങളുടെ അവസ്ഥ മനസിലാക്കി താല്‍ക്കാലത്തേക്ക് പലിശ രഹിത വായ്പകളെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അജി അലക്സാണ്ടര്‍ (സ്പെന്‍സര്‍ ട്യൂഷന് സെന്റര്‍, കൊട്ടാരക്കര) |
ഞങ്ങള്‍ സംഘടിത വിഭാഗങ്ങള്‍ അല്ലാത്തത് കൊണ്ടാണോ ഈ മേഖലയില്‍ ജീവിക്കുന്നവരുടെ ദുരിതങ്ങളും അപേക്ഷകളും സര്‍ക്കാര്‍ പരിഗണിക്കാത്തത്. സ്കൂളുകളിലെ വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ട്യൂഷന് സ്ഥാപനങ്ങള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊവിഡ് അനുബന്ധ സഹായങ്ങളില്‍ ട്യൂഷന് സ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാവണം. ജയചന്ദ്രന് (വിജയാ ട്യൂഷന് സെന്റര്‍, കുളക്കട) |
പ്രതികരിക്കാൻ ഇവിടെ എഴുതുക: