തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള ഘടകം. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങള്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് ഉതകുന്ന രീതിയില്‍ ആയി മാറിയിരിക്കുന്നു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്. വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്ക്കാര് കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണ്.
ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വരേണ്ടിയിരിക്കുന്നു. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ല. ഇന്ന് കോണ്ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമായിട്ടുള്ളത്. ആദ്യകാലത്ത് ഹോം ഐസലേഷന്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി കണ്ടിരുന്നെങ്കിലും ഇന്നത് പൂര്‍ണ്ണമായും പരാജയപ്പെട്ട അവസ്ഥയിലാണ്. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവ് ആയി ഐസലേഷനില്‍ ഇരിക്കുമ്പോള്‍ തന്നെ വീട്ടിലുള്ള എല്ലാവരും പോസിറ്റീവ് ആകുന്ന അവസ്ഥയാണ്. വീടുകളിലാണ് ഇന്ന് രോഗവ്യാപനം രൂക്ഷമായി നടക്കുന്നത്, ഓരോ വീടുകളും ക്ലസ്റ്റര്‍ ആയി മാറുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്റര്‍ ഫോര്‍മേഷനും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കുകയുള്ളൂ. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോക്ക് ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്കരിക്കണം. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും എന്നുള്ളത് നമുക്കെല്ലാം അറിവുള്ളതാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണം.
കൂട്ടം ചേരലുകള്‍ കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളിലെ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണം. ശാസ്ത്രീയമായി ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കിലും മനുഷ്യന്റെ ദൈനംദിന ജീവിതവും പരിഗണി ക്കപ്പെടേണ്ടതുണ്ട്.
ആഴ്ചയില്‍ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങളും, ബാങ്കുകളും, ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ അനുവര്‍ത്തിക്കേണ്ടത് ജീവിതത്തിന്റെ ഭാഗമാക്കണം. ഇതോടൊപ്പം പ്രധാന്യം ജനങ്ങളിലേക്ക് വാക്സിനേഷന് എത്തിക്കുക എന്നുള്ളത് തന്നെയാണ്. മറ്റെല്ലാ മുന്‍ഗണനകളും മാറ്റിവെച്ചുകൊണ്ട് ഓരോ പൗരനും വാക്സിനേഷന് എത്തിക്കേണ്ട ചുമതലയില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്നുള്ള കാര്യം പറയാതെ വയ്യ. 70% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യ മേഖലയെ സര്‍ക്കാര്‍ നിരാകരിച്ചത് ഇതിന് ഉത്തമോദാഹരണമാണ്. ഇന്ന് കൊടുക്കുന്ന വാക്സിനുകളുടെ നാലിരട്ടി ജനങ്ങളിലെത്തിക്കാന്‍ സ്വകാര്യ മേഖല കൂടെ ചേര്‍ന്നാല്‍ സാധ്യമാകും. സര്‍വ്വീസ് ചാര്‍ജ്ജ് പോലും ഈടാക്കാതെ സര്‍ക്കാര്‍ വാക്സിന് സൗജന്യമായി പ്രൈവറ്റ് ആശുപത്രികളിലൂടെ വിതരണം ചെയ്യാം എന്ന് വാഗ്ദാനം ചെയ്തിട്ടുപോലും അത് പരിഗണിക്കാത്ത സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ദിനംപ്രതി നാലര ലക്ഷം ഡോസുകള്‍ എങ്കിലും കൊടുത്താല്‍ മാത്രമേ അടുത്ത നാലഞ്ച് മാസങ്ങള്‍ക്കുള്ളില്‍ വാക്സിനേഷന് പൂര്‍ണ്ണമാക്കാന്‍ നമുക്ക് സാധിക്കൂ. നാല് കോടിയോളം ഡോസ് വാക്സിന് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കൂ എന്ന് തിരിച്ചറിയണം. വാക്സിന് നയത്തില്‍ വരുത്തിയ മാറ്റം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുന്ന പ്രക്രിയയായി മാറി. കൂടാതെ ജനങ്ങളെ രക്ഷിക്കുന്ന ചുമതലയില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറകോട്ട് പോയി. അടിയന്തരമായി വാക്സിന് ലഭ്യമാക്കി വാക്സിനേഷന് ത്വരിതപ്പെടുത്തിയില്ലെങ്കില്‍ അടുത്ത തരംഗവും വന്‍ നാശം വിതയ്ക്കും എന്നുള്ളതില്‍ തര്‍ക്കമില്ല.
സിറോ സര്‍വെയലന്‍സ് പഠനം അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ജനവിഭാഗത്തെ (വള്‍നറബിള്‍ പോപ്പുലേഷന്‍) തിരിച്ചറിയാന്‍ സാധിക്കൂ. ജനസംഖ്യയുടെ 30 ശതമാനത്തോളം പേര് മാത്രമേ രോഗം വന്നതിലൂടെയോ വാക്സിനേഷനിലൂടെയോ രോഗത്തിനെതിരെയുള്ള പ്രതിരോധ ശക്തി ആര്‍ജ്ജിച്ചിട്ടുളളൂ. അതിനര്‍ത്ഥം 70 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണ്. ഇവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും ചുമതലയാണ്. ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ വഴി മാത്രമേ നിയന്ത്രണങ്ങളും മുന്‍കരുതലുകളും ചെയ്തുകൊണ്ട് ഇവരെ രക്ഷിക്കാന്‍ സാധിക്കൂ. ദേശീയതലത്തില്‍ നടക്കുന്നില്ലെങ്കില്‍ സംസ്ഥാനതലത്തിലെങ്കിലും അടിയന്തരമായി സര്‍വ്വേ നടത്തേണ്ടതുണ്ട്.
ജനസംഖ്യയുടെ 80 ശതമാനം പേരെങ്കിലും വൈറസിനെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചാല്‍ മാത്രമേ ഈ മഹാമാരി അവസാനിക്കൂ. വാക്സിനേഷന് കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി എല്ലാവര്ക്കും എത്രയും വേഗം വാക്സിനേഷന് എത്തിക്കേണ്ടത് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ചുമതലയാണ് എന്ന് ഐ.എം.എ. വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: