തിരുവനന്തപുരം: രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കണമെന്നും പോലീസ് മേധാവിയുടെ നിര്‍ദേശം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനത്തിന് നിയന്ത്രണം വേണമെന്നും സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് മേധാവി നിര്‍ദേശിക്കുന്നു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണം. പരാതി ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്ക ണം. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്ഐആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ സ്റ്റേഷന് ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം.
പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഇന്സ്പെക്ഷന് മെമ്മോയില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണം.
പരാതിയുമായി എത്തുന്നവരെ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണം. പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും ജില്ലാ പോലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും അനില്‍ കാന്ത് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: