കേട്ടുകേള്‍വിയില്ലാത്ത സങ്കീര്‍ണതകളിലൂടെ ലോകം കടന്നുപോകുമ്പോള്‍ രാജ്യങ്ങളുടെ സാമ്പത്തിക, ധനകാര്യ നയം വാക്സിനില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ഏക മാര്‍ഗം പരമാവധി പേരിലേക്ക് വാക്സിനേഷന്‍ എത്രയും വേഗം എത്തിക്കുക എന്നത് മാത്രമാണ്. ആ ദൗത്യത്തില്‍ ഊന്നി നിന്നുകൊണ്ട് പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കട്ടെ.
ഐസ്‌ക്രീം നിര്‍മാണത്തില്‍ വ്യാപൃതയായിരിക്കുന്ന ഒരു സംരംഭക. ലോക്ക്ഡൗണ്‍ ആയതോടെ അവരാകെ ദുരിതത്തിലായി. ഐസ്‌ക്രീം നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞ കാരണം ഒടുവില്‍ കുഴിച്ചുമൂടേണ്ടി വന്നു അവര്‍ക്ക്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്തിടെ കേട്ട കഥയാണിത്. ചെറുകിട കച്ചവടക്കാരെയും സൂപ്പര്‍ മാര്‍ക്കറ്റുകളെയുമെല്ലാം സംബന്ധിച്ച് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ഉല്‍പ്പന്നങ്ങളുടെ കാലപ്പഴക്കം. സംരംഭങ്ങളെ കോവിഡും ലോക്ക്ഡൗണുമെല്ലാം ബാധിക്കുന്ന തലങ്ങള്‍ അതിസങ്കീര്‍ണമാണ്. അതിലെ വളരെ ചെറിയൊരു ഉദാഹരണം മാത്രമാണ് മേല്‍പ്പറഞ്ഞത്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കാണ് കൂപ്പ് കുത്തിയത്. ആദ്യതരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തിനും ഇത്തവണ അടിതെറ്റി. രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീണ്ടുപോയതോടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ഞെരുക്കത്തിലായി. പുതിയ നികുതികള്‍ കൊണ്ടുവരേണ്ട സാമ്പത്തിക സാഹചര്യമാണ് കേരളത്തിന്റേതെങ്കിലും കോവിഡ് കാരണം അത് ചെയ്യുന്നില്ലെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്.
കുടുംബങ്ങളുടെ ബജറ്റ് താറുമാറായിക്കഴിഞ്ഞു. ദിവസ വേതനക്കാരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുമെല്ലാം ജീവിക്കാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു ലോക്ക്ഡൗണ്‍. സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം പേറുന്നവര്‍ക്ക് ലോക്ക്ഡൗണ്‍ ആഘാതം ഒരിക്കലും വിഷയമല്ലെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണ്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍പ്പിനുള്ള ഭീഷണിയാണ്. കിറ്റുകളാല്‍ മാത്രം നികത്തപ്പെടാന്‍ സാധിക്കുന്നതല്ല അത്.
ജോലി പോയവരുടെയും വരുമാനം മുട്ടിയവരുടെയും എണ്ണത്തിന് തന്നെ കണക്കില്ല. ചെറുകിട, ഇടത്തരം സംരംഭകരുടെ അവസ്ഥ തീര്‍ത്തും പരിതാപകരവും. കുടുംബങ്ങള്‍ കടമെടുക്കുന്നത് വ്യാപകമായ തോതില്‍ കൂടിയിരിക്കുന്നു. ആര്‍ബിഐയുടെ കണക്കുകള്‍ തന്നെ പറയുന്നത് സ്വര്‍ണം വെച്ചുള്ള വായ്പയെടുക്കലില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത് എന്നാണ്.
അനൗപചാരിക കടം വാങ്ങലുകളുടെ ഡാറ്റ പോലും ലഭ്യമല്ലാത്തതിനാല്‍ ഈ പ്രതിസന്ധിയുടെ ആഴം അളക്കല്‍ സങ്കീര്‍ണമായിരിക്കുന്നു. കേന്ദ്രബാങ്കിന്റെ കണക്കുകള്‍ പ്രകാരം വ്യക്തിഗത വായ്പകളിലും സ്ഥിരമായ വര്‍ധനയാണുണ്ടാകുന്നത്. ഏപ്രില്‍ മാസത്തില്‍ വ്യക്തിഗത വായ്പകളിലുണ്ടായത് 12.6 ശതമാനം വര്‍ധനയാണ്. അതേസമയം സ്വര്‍ണപ്പണയ വായ്പകളിലെ തിരിച്ചടവ് മുടങ്ങുന്നത് സ്ഥിരമായി മാറുന്നുമുണ്ട്. ഇതെല്ലാം സാധാരണക്കാരെ കോവിഡ് വരിഞ്ഞ് മുറുക്കുന്നതിന്റെ പ്രതിഫലനങ്ങളാണ്.
കോവിഡ് രണ്ടാം തരംഗം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടം വരുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറ്റവും നിര്‍ണായകമാകുന്നത് നമ്മുടെ മുന്‍കരുതലുകള്‍ തന്നെയായിരിക്കും. ഇനിയും ലോക്ക് ആയാല്‍ സാമ്പത്തിക ദുരന്തവും ആരോഗ്യദുരന്തവും പുതിയ അധ്യായം എഴുതിച്ചേര്‍ക്കും. അതിനാല്‍ വാക്സിനേഷന്‍ പരമാവധി കൂട്ടി പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നുള്ള പ്രതിരോധ മാതൃകയാണ് ഉചിതം. മൊത്തം അടച്ചിടലിലേക്ക് കടക്കാതിരിക്കുന്നതാണ് നല്ലത്. വാക്സിന്‍ സംഭരണം കേന്ദ്രം തന്നെ ഏറ്റെടുത്തത് സാമ്പത്തികരംഗത്തിന്റെ ഉണര്‍ര്‍വിനും കുത്തിവയ്‌പ്പിന്റെ വേഗത കൂട്ടാനും ഉപകരിക്കും. പരമാവധി വേഗതയില്‍ ഏറ്റവും കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുക എന്നത് മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് ഏറ്റവും ഉചിതമായ മാര്‍ഗം.
രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും എല്ലാം ധന, സാമ്പത്തിക നയങ്ങളേക്കാള്‍ പ്രസക്തിയും പ്രാധാന്യവും വാക്സിന്‍ നയത്തിനാണ്, അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും. ലോകജനതയുടെ 50 ശതമാനമെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വാക്സിനേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.
70 ശതമാനം അടുത്ത വര്‍ഷം ജൂണ്‍. ലോകശക്തിയാകാന്‍ ശ്രമിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഉത്തരവാദിത്തം കൂടുതലുണ്ട്. സ്വന്തം ജനതയ്‌ക്ക് വാക്സിനേഷന്‍ നല്‍കുന്നതോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതിക്കുള്ള ദൗത്യവും സധൈര്യം ഏറ്റെടുക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും മികച്ച മാര്‍ഗം ആഭ്യന്തരതലത്തില്‍ വാക്സിന്‍ നിര്‍മാണം പരമാവധി പ്രോല്‍സാഹിപ്പിക്കുക എന്നത് മാത്രമാണ്. ഭരണത്തിലിരിക്കുന്നവരുടെ കൃത്യമായ ആസൂത്രണവും സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനവും സഹകരണവും ജനങ്ങള്‍ക്ക് പൗരത്വബോധവും ഉണ്ടെങ്കില്‍ കോവിഡ് അത്രകണ്ട് അപ്രതിരോധ്യമല്ല എന്നതാണ് വാസ്തവം.
ദിപിന്‍ ദാമോദരന്‍
( ബിസിനസ് വോയ്സ് എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: