2018ലെ റഷ്യന്‍ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഒരു ടീമായിരുന്നു ഇറ്റലി. ആ ഇറ്റലിയാണ് ഇന്നലെ 2020ലെ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ഉയര്‍ത്തിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയുടെ കുതിപ്പ് എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അവിശ്വസനീയമായ പ്രകടനത്തിലൂടെയായിരുന്നു റോബര്‍ട്ടോ മാന്‍സിനിയുടെ ശിക്ഷണത്തില്‍ അസൂറികളുടെ കിരീടത്തിലേക്കുള്ള കുതിപ്പ്. ഒറ്റ കളിയും തോല്‍ക്കാതെയായിരുന്നു അവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഉജ്ജ്വലമായ തിരിച്ചുവരവ്.
യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കിരീടം നേടുന്നത്. ആദ്യ കിരീടം 1968-ലായിരുന്നു. അന്നത്തെ യൂഗോസ്ലാവ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ ചാമ്പ്യന്‍ഷിപ്പ് കിരീടം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 12-ാം മിനിറ്റില്‍ ല്യൂഗി റിവ, 31-ാം മിനിറ്റില്‍ പിയെട്രോ അനസ്താസി എന്നിവരാണ് ഇറ്റലിയുടെ വിജയഗോളുകള്‍ നേടിയത്. പിന്നീട് ഒരു യൂറോ കിരീടത്തിനായി അസൂറികള്‍ക്ക് കാത്തിരിക്കേണ്ടി വന്നത് 53 വര്‍ഷം. 2000ലും 2012-ലും ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി . 2016-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും തോറ്റു മടങ്ങി. എന്നാല്‍ ഇത്തവണ അതിനെല്ലാമുള്ള പ്രായശ്ചിത്തം റോബര്‍ട്ട് മാന്‍സീനിയും സംഘവും ചെയ്തു.
നാലുതവണ ലോകകിരീടം നേടിയ ഇറ്റലി 2018-ല്‍ പുറത്തായതോടെ ആരാധകരുടെ വരെ നെറ്റി ചുളിഞ്ഞു. ഇതിനുപിന്നാലെയാണ് 2018 മാര്‍ച്ച് 15ന് അസൂറികളുടെ പരിശീലകനായി മാന്‍സിനി സ്ഥാനമേറ്റെടുക്കുന്നത്്. പിന്നീടങ്ങോട്ട് പുതിയൊരു ഇറ്റലിയെയാണ് ഫുട്ബോള്‍ ലോകം കണ്ടത്.
പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് മാന്‍സീനി ഇറ്റാലിയന്‍ ടീമിനെ ഉടച്ചുവാര്‍ത്തു. എക്കാലത്തും കരുത്തുറ്റ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കാണിച്ചിരുന്ന ഇറ്റലിക്ക് ആക്രമണ ഫുട്ബോളിന്റെ ചാരുത കാണിച്ചു കൊടുത്തത് മാന്‍സീനിയായിരുന്നു. വെറും ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്ന അസൂറിപ്പട എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചു. അവസാനം കളിച്ച 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനായതാണ് ഇറ്റലിയുടെ വിജയത്തിന്റെ മാറ്റുകൂട്ടിയത്. പ്രത്യേകിച്ചും മുന്നേറ്റനിരയില്‍ ഇന്സിനെയുടെയും ഇമ്മൊബിലെയും കിയേസയുടെയും പ്രകടനം. മധ്യനിരയില്‍ ജോര്‍ജീഞ്ഞോയും വെരാറ്റിയും ബരേല്ലയും പ്രതിരോധത്തില്‍ നെടുനായകത്വം വഹിച്ച് നായകന് ചില്ലേനിയും ബൊനൂച്ചിയും ഡി ലോറന്സൊയും എമേഴ്സണും അരങ്ങു നിറഞ്ഞതും ഇറ്റലിയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: