തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന് മുരളി സിത്താര (വി. മുരളീധരന് (65))യ്ക്ക് വിടനല്‍കി തലസ്ഥാനം. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് അമ്പാടിയില്‍ ഞായറാഴ്ച്ച വൈകിട്ട് 3നാണ് മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകന് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ മുട്ടത്തറ എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്കരിച്ചു.
90കളില്‍ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ മുരളി ദീര്‍ഘകാലം ആകാശവാണിയിലെ സീനിയര്‍ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയില്‍ ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 1987ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലെ ‘ഒരുകോടി സ്വപ്നങ്ങളാല്’ എന്ന ഹിറ്റ് ഗാനമാണ് മുരളി സിതാരയെന്ന സംഗീത സംവിധായകന്റെ ആദ്യ സിനിമാഗാനം. ഗായകന് യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്. ദീര്‍ഘനാള്‍ തരംഗിണി സ്റ്റുഡിയോയില്‍ വയലിനിസ്റ്റ് ആയിരുന്നു.
ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തി. ഒഎന്‍വി, കെ. ജയകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്കി. കര്‍ണാടക സംഗീതത്തിലെ 72 മേളകര്‍ത്താ രാഗങ്ങളിലും പാട്ടുകള്‍ കംപോസ് ചെയ്തിരുന്നു. മൃദംഗ വിദ്വാന് ചെങ്ങന്നൂര്‍ വേലപ്പനാശാന്റെ മകനാണ് മുരളി. ഭാര്യ: ശോഭനകുമാരി. മക്കള്‍: മിഥുന് മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍), വിപിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: