ഹവാന: കോവിഡിനെതിരേ രാജ്യത്ത് വാക്സിന് നിര്‍മാണം പുരോഗമിക്കുന്ന കാലത്ത് ക്യൂബയില്‍ നിന്ന് വാക്സിന് ഇറക്കുമതി ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ കമ്യൂണിസ്റ്റ് രാജ്യമാണ് ക്യൂബ. എന്നാല്‍ ഇപ്പോള്‍ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ജനജീവിതത്തിന് അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യമാണെന്ന് വ്യക്തമാക്കിയാണ് പതിനായിരണക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
രാജ്യത്ത് ഭക്ഷണത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങള്‍ കോവിഡ് കാലത്തും ഗതികെട്ട് തെരുവിലിറങ്ങിയത്. ഏകാധിപത്യം അവസാനിപ്പിക്കുക, സ്വാതന്ത്ര്യം നല്‍കുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ക്യാപിറ്റല്‍ കെട്ടിടത്തിനു മുന്നില്‍ പ്രക്ഷോഭം അരങ്ങേറിയത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നതിനിടെ നിരവധി നഗരങ്ങളില്‍ ജനങ്ങള്‍ സ്വയം തെരുവിറങ്ങുകയായിരുന്നു.
അതേസമയം, പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ പ്രകടനക്കാരെ നേരിടാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ പോലീസ് സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
കോവിഡ് -19 പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ ഭക്ഷണത്തിനും വൈദ്യുതിക്കും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം ആണ് രാജ്യത്ത്. ഇതാണ് പൊതുജനത്തെ പ്രകോപിപ്പിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പോലും കമ്യൂണിസ്റ്റ് സര്‍ക്കാരിനു സാധിച്ചില്ല. ഇതോടെ തലസ്ഥാന നഗരത്തില്‍ മാത്രമല്ല ചെറുപട്ടണങ്ങളില്‍ പോലും ജനങ്ങള്‍ വ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുകയാണ്.
രാജ്യത്തെ തകര്‍ക്കാന്‍ വിദേശ ശക്തികളുടെ പിന്തുണയോടെ നടക്കുന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗല്‍ ഡിയാസ് കാനല്‍ ആരോപിച്ചു. പ്രക്ഷോഭത്തിന് കാരണം അമേരിക്കയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവന്‍ കൂടിയായ കാനല്‍ കുറ്റപ്പെടുത്തി. നിരവധി പ്രതിഷേധക്കാര്‍ യുഎസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കാമ്പെയ്നുകളില്‍ വീണുപോയവരും ‘കൂലിപ്പടയാളികളുമാണെന്നും’ . ‘പ്രകോപനങ്ങള്‍’ അനുവദിക്കില്ലെന്നും കാനല്‍ മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ ടൂറിസം നിശ്ചലമായതോടെയാണ് ക്യൂബയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായത്.1.1 കോടി ആളുകള്‍ താമസിക്കുന്ന കരീബിയന്‍ ദ്വീപ് രാജ്യത്ത് പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ സാധാരണഗതിയില്‍ പുറത്തു വരാറില്ല. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. 1994ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിനാണ് ക്യൂബ സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: