തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികജാതിക്കാര്‍ക്കുള്ള കോടികളുടെ ഫണ്ടുകള്‍ അനര്‍ഹര്‍ കൈക്കലാക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി നിയമിക്കുന്ന എസ് സി പ്രൊമോട്ടര്‍മാരെ ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടി സഖാക്കളുടെയും കുടുംബങ്ങളുടെയും ബന്ധുക്കളുടെയും പേരിലാക്കി മാറ്റുന്നു. തിരുവനന്തപുരം നഗരസഭയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്. തട്ടിപ്പിന്റെ വിശദവിവരങ്ങള്‍ പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ട് സഹിതം പരാതിയായി സിപിഎം പാര്‍ട്ടി സെക്രട്ടറിക്കും ഉന്നത നേതാക്കള്‍ക്കും കൈമാറിയിട്ടും സിപിഎം നേതൃത്വം കണ്ണടച്ചു.
പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ കേരളത്തിലങ്ങോളമിങ്ങോളം ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ആക്ഷേപമുയരുന്നു. പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായം, വിദ്യാര്‍ഥികള്‍ക്ക് പഠനമുറി തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ലക്ഷങ്ങളുടെ സഹായം നിലവിലുണ്ട്. ഇതിനായി പട്ടികജാതി വികസന ഡയറക്ട്രേറ്റില്‍ നേരിട്ടോ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി നിയമിക്കുന്ന എസ്സി പ്രൊമോട്ടര്‍മാര്‍ വഴി തദ്ദേശസ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഗുണഭോക്താക്കളുടെ ഫണ്ടില്‍ തിരിമറി നടത്തുകയാണ് ചെയ്യുന്നത്.
ഗുണഭോക്താക്കളുടെ അപേക്ഷയില്‍ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പര്‍ പാര്‍ട്ടിക്കാരുടേത് നല്‍കി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയില്‍ മുന്‍ എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവുമായ പ്രതിന്‍സാജ് കൃഷ്ണയാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയത്.
2016 മുതല്‍ നടത്തിയ തട്ടിപ്പില്‍ ഗുണഭോക്താക്കളുടെ പേരില്‍ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് സൂചന. പ്രതിന്‍സാജ് കൃഷ്ണ പട്ടികജാതിക്കാര്‍ക്കുള്ള സ്വന്തം അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കു വരെ കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിന്‍ സാജ് കൃഷ്ണ നടത്തിയ തട്ടിപ്പുകള്‍ വിശദീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ എസ്സി പ്രൊമോട്ടര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും പാര്‍ട്ടി പരാതി മുക്കി. ചില ഗുണഭോക്താക്കളുടെ പരാതിയെതുടര്‍ന്ന് നഗരസഭയിലെ എസ്സി ഡെവലപ്പ്മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ എസ്സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് രാഹുല്‍ ആര്‍.യു. വിനെ ഒന്നാം പ്രതിയാക്കി പത്തുപേരുടെ പേരില്‍ കേസെടുത്തുവെങ്കിലും തട്ടിപ്പിന് നേതൃത്വം നല്‍കിയ പ്രതിന്‍സാജ് കൃഷ്ണയടക്കമുള്ളവരെ ഒഴിവാക്കി.
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത 240/2021 കേസില്‍ വീരണകാവ് സ്വദേശി രാഹുലിനെ കൂടാതെ ബന്ധു രേഷ്മ ആര്‍.യു, ശശിധരന്‍ ആര്‍.ആര്‍., കൊല്ലം എസ് സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയര്‍ക്ലര്‍ക്ക് പൂര്‍ണിമ, എസ്സി പ്രൊമോട്ടര്‍ വിശാഖ് സുധാകരന്‍, ജോണി തോമസ്, ദിനു എസ്., സുമി പി.എസ്, ശ്രുതി എസ്.എസ്., റോഷ് ആന്റണി എന്നിവരെയാണ് എഫ്ഐആറില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ പ്രതിന്‍സാജ് കൃഷ്ണയും മറ്റു പല എസ്സി പ്രൊമോട്ടര്‍മാരും കേസില്‍ പ്രതിയായിട്ടില്ല. സംഭവം പുറത്തായതോടെയാണ് പ്രതിന്‍സാജ് കൃഷ്ണ എസ്സി പ്രൊമോട്ടര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി വഴി നിയമനം നടത്തിയ വേറ്റി ക്കോണം സ്വദേശിയായ രാഹുല്‍ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി അയച്ചത്. നഗരസഭയില്‍ തന്നെ കരുവാക്കി നടത്തിയ വ്യാജതിരിമറികള്‍ വ്യക്തമാക്കിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയത്.
എംഫില്‍ കഴിഞ്ഞ രാഹുലിനോട് പ്രതിന്‍ സാജ് കൃഷ്ണയാണ് അപേക്ഷ നല്‍കണമെന്നാവശ്യപ്പെടുന്നത്. ഈ അപേക്ഷ ജില്ലാ കമ്മറ്റി ശുപാര്‍ശയോടെ അധികൃതരുടെ മുന്നിലെത്തി. വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്ത് രാഹുലിന് എസ്സി പ്രൊമോട്ടറായി നിയമനവും ലഭിച്ചു. പിന്നീട് പലതവണയായി സംഘം ഗുണഭോക്താക്കളുടെ പേരില്‍ ഫണ്ട് തിരിമറി നടത്തുകയായിരുന്നുവെന്ന് രാഹുല്‍ സമ്മതിക്കുന്നു. ഇതിനായി ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പരില്‍ കൃത്രിമം നടത്തി രേഖകളുണ്ടാക്കിയിരുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
നിരവധി പേരുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി ലക്ഷങ്ങള്‍ പങ്കിട്ട് എടുത്തതിനിടെ പ്രതിന്‍സാജ് കൃഷ്ണ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും പണം മാറ്റി. പ്രതിന്‍സാജ് കൃഷ്ണയുടെ അച്ഛന്‍ പാര്‍ത്ഥസാരഥി കൃഷ്ണയുടെ പേരിലുള്ള നെട്ടയം എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും അമ്മ ഉഷകുമാരിയുടെ അക്കൗണ്ടിലേക്കും മൂന്നു തവണയായി ലക്ഷങ്ങള്‍ കൈമാറ്റം ചെയ്തു. ഇതടക്കം പാര്‍ട്ടി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടും നേതൃത്വം മൗനം പാലിച്ചതാണ് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോടികള്‍ പാര്‍ട്ടി സഖാക്കള്‍ തട്ടിയെടുത്തുവെന്നതിലേക്ക് നയിക്കുന്ന സൂചന.
ഇതിനിടെ പരാതി നല്‍കിയ എസ്സി പ്രൊമോട്ടര്‍ രാഹുല്‍ ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇയാളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ ജാമ്യം ലഭിക്കുന്നതിനുവേണ്ട നടപടികളാവും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. കേരളത്തിലുടനീളം സിപിഎം നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രഷറി വഴിയാണ് തുക മാറുന്നതിനാല്‍ ട്രഷറിയിലെ ചില ഇടതു ഉദ്യോഗസ്ഥരും തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലും സമാനരതിയില്‍ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: