ആലപ്പുഴ: കോവിഡ്ഭീതിയില്‍ കൂട്ടുകാരുടെയും അധ്യാപകരുടെയും സാന്നിധ്യവും സ്നേഹവും കിട്ടാതെ വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ബാലഗോകുലം ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗൗരവമായി ബാധിക്കുമെന്നതിനാല്‍ മുന്‍കൂട്ടിയുള്ള ആസൂത്രണം അനിവാര്യമാണ്. കോവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന പോഷകസമ്പന്നമായ ആഹാരം കുട്ടികള്‍ക്ക് ഉറപ്പാക്കണം. ഓണ്‍ലൈന്‍ പഠനം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും മാനസികോല്ലാസം വളര്‍ത്താനുമുള്ള പദ്ധതികള്‍ രൂപപ്പെടുത്തണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ നയരേഖ ഉണ്ടാവണം. സൈബര്‍ ചൂഷണങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പൂര്ണപരിരക്ഷ കിട്ടണം. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകള്‍ തത്സമയം പരിഹരിക്കാനുള്ള സംവിധാനം ഒരുക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കുള്ള വാക്സിനേഷന് എത്രയും വേഗം ആരംഭിക്കണം. കോവിഡിനോടൊപ്പം ആരോഗ്യത്തോടെ ജീവിക്കാനും കരുതലോടെ മുന്നോട്ടു പോകാനും പഠനം പൂര്‍ത്തീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന പാക്കേജാണ് വേണ്ടത്.
അന്നവും അറിവും അഭയവും എല്ലാ കുട്ടികള്‍ക്കും ഒരുപോലെ ലഭ്യമാക്കുന്ന കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ ക്രിയാത്മകപങ്ക് നിര്‍വഹിക്കണം. ഔപചാരികവിദ്യാഭ്യാസത്തിന് കോവിഡ് മൂലം ഉണ്ടായ കുറവുകള്‍ കുട്ടികളെ ബാധിക്കാതിരിക്കാന്‍ ഓരോ പ്രദേശത്തും അനൗപചാരികമായ വിദ്യാ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണം. കുട്ടിയുടെ വിദ്യാഭ്യാസം ആകെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് എന്നതിനാല്‍ ഭരണകൂടവും പൊതു സമൂഹവും ഒന്നിച്ചു നിന്നുകൊണ്ട് മഹാമാരിയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള കൃത്യമായ പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കണം. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിര്‍വാഹക സമിതിയോഗം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ആര്. പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു. കെ.എന്‍. സജികുമാര്‍, എ. രഞ്ജു കുമാര്‍, സി. അജിത്ത്, എം. സത്യന് , കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സഭയില്‍ പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ സി എന്‍ പുരുഷോത്തമന് അധ്യക്ഷം വഹിച്ചു.ഡി നാരായണ ശര്‍മ്മ, എ. രഞ്ജു കുമാര്‍ ഡോ. ആശാ ഗോപാലകൃഷ്ണന്, കെ. ബൈജു ലാല്‍ എന്നിവര്‍ സംസാരിച്ചു. ആര് എസ് എസ് സഹപ്രചാരക്പ്രമുഖ് റ്റി.എസ്. അജയകുമാര്‍ സമാപന പ്രസംഗം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: