കോട്ടക്കല്‍ എന്നതിനെ ആയുര്‍വേദത്തിന്റെ പര്യായമാക്കിയ ഡോ.പി.കെ. വാരിയര്‍ കാലത്തിനു മുന്നേ നടന്ന മഹാ കര്‍മയോഗിയാണ്. കേരളം ജന്മം കൊടുത്ത ആധുനിക ലോകത്തിന്റെ ഋഷിവര്യനായ ചരകനാണ് അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതം തനതു ശാസ്ത്രങ്ങളെ കൈവെടിഞ്ഞപ്പോള്‍ ആയുര്‍വേദത്തിനായി ഒരു ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വ്യക്തിയാണ് പി.കെ. വാരിയര്‍.
ഭാരതം സ്വതന്ത്രയായപ്പോള്‍ ഭാരതത്തിന്റേതായ ഒരു ആരോഗ്യനയം രൂപീകരിക്കുവാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ആ സമിതി ആയുര്‍വേദവും, മറ്റു തദ്ദേശീയ ശാസ്ത്രങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള ഒരു ആരോഗ്യ നയമായിരിക്കും ഭാരതത്തിനു അഭികാമ്യം എന്ന് നിര്‍ദേശിക്കുകയുണ്ടായി. പക്ഷെ, അതിനെ വകവെക്കാതെ ആദ്യ പ്രധാനമന്ത്രി നെഹ്റു ആ റിപ്പോര്‍ട്ടിനെ നിരാകരിക്കുകയാണുണ്ടായത്. പക്ഷെ, പി.കെ. വാരിയരും അദ്ദേഹത്തിന്റെ കുടുംബവും ആയുര്‍വേദ ശാസ്ത്രത്തിന്റെ ആഴം മനസ്സിലാക്കി അതിനായി ജീവിതം സമര്‍പ്പിച്ചതുകൊണ്ടാണ് അദ്ദേഹം കാലത്തിനു മുന്നേ നടന്ന ഋഷിവര്യനായ മഹായോഗി എന്ന് ഞാന്‍ പറഞ്ഞത്.
കൈലാസ മന്ദിരത്തിലെ കാശിനാഥന് കഷായമാണിയാത്ത നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കുലഗുരു തന്നെയായിരുന്നു. ആ രൂപവും ഭാവവും ഒരിക്കല്‍ നേരില്‍ കണ്ട ആര്‍ക്കും മറക്കാനാകില്ല. തകഴിയെന്ന സ്ഥലം പോലെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്ന മറ്റൊരു സ്ഥലനാമം കോട്ട്ക്കല്‍ ആണ്. തകഴി ലോക പ്രശസ്തമായതു വിഖ്യാതനായ എഴുത്തുകാരന് ശിവശങ്കരപ്പിള്ളയിലൂടെ ആണെങ്കില്‍ കോട്ടക്കല്‍ വിശ്വവിഖ്യാതമായത് ആയുര്‍വേദത്തിന്റെ ആഗോള തലസ്ഥാനമായി മാറിയതിനാലാണ്.
എന്റെ മനസ്സില്‍ താങ്ങാനാവാത്ത ദുഃഖമാണ് അദ്ദേഹത്തിന്റെ വേര്‍പാട് ഉണ്ടാക്കിയിരിക്കുന്നത്. അനവധി സന്ദര്‍ഭങ്ങളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും എന്റെ ഓര്‍മയില്‍ മങ്ങാതെ നില്‍ക്കുകയാണ്. രണ്ടു പതിറ്റാണ്ടു മുന്‍പ് ആയുര്‍വേദത്തിനെ ലോക ജനതയുടെ മുന്പില് അവതരിപ്പിക്കുവാന്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം തയ്യാറെടുക്കുന്ന സന്ദര്‍ഭം.
ഞാനുള്‍പ്പെടുന്ന സംഘാടകര്‍ കോട്ടക്കലെത്തി ഡോ. പി.കെ. വാരിയര്‍ സാറിനു മുന്പില് വിഷയം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു ചെറു മന്ദഹാസത്തോടെ പറഞ്ഞു. ‘ആയുര്‍വേദം അറിയുവാനും പഠിക്കുവാനും മാലോകരെ എല്ലാം നിങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരണം.’ അദ്ദേഹം തന്ന ആത്മവിശ്വാസവും പ്രേരണയും ആണ് ഭാരതത്തിലാദ്യമായി ‘ലോക ആയുര്‍വേദ സമ്മേളനത്തിനു’ നാന്ദി കുറിച്ചത്. അന്ന് അദ്ദേഹം തന്ന ആ വലിയ സംഭാവന (തുക ഇവിടെ കുറിക്കുന്നില്ല) ഒരു സംഘടനയ്ക്കും സ്വപ്നം കാണുവാന്‍ പോലും പറ്റുന്ന ഒന്നായിരുന്നില്ല. അന്നത്തെ ആ സമ്മേളനത്തിന്റെയും സംഘടകസമിതിയുടെയും അധ്യക്ഷപദം വാരിയര്‍ സാര്‍ അലങ്കരിക്കുക മാത്രമല്ല, കോട്ടയ്ക്കല്‍ ആയുര്‍വേദ കുടുംബം മുഴുവനായും നേതൃത്വം നല്‍കിയത് ഇന്നും ആയിരങ്ങളുടെ മനസ്സില്‍ തിളങ്ങുന്ന ഓര്‍മകളാണ്.
ആയുര്‍വേദത്തിനെ പ്രതിരോധ മേഖലയിലും, മറ്റു രാജ്യങ്ങളിലെ എംബസികളിലും ഒക്കെ അംഗീകാരം നേടിയെടുക്കുന്നതില്‍ ഡോക്ടര്‍ പി.കെ. വാരിയരുടെ പേരും പദവിയും മഹിമയും സഹായവും നിസ്തുലമായിരുന്നു. ഓ. രാജഗോപാല്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി ആയിരിക്കുമ്പോള്‍ ഹൈ അള്‍ട്ടിട്യൂഡ്, അതിര്‍ത്തി മേഖല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധീര ജവാന്മാര്ക്ക് ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ഉത്പന്നങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തി അതിന്റെ വിതരണത്തിന് അംഗീകാരം നേടിയെടുക്കുവാനും പി.കെ. വാരിയര്‍ ചെയ്ത അക്ഷീണ പരിശ്രമങ്ങള്‍ ആയുര്‍വേദ സമൂഹത്തിന് ഒരിക്കലും മറക്കാനാകില്ല.
2014 ല്‍ ദല്‍ഹിയില്‍ നടന്ന ലോക ആയുര്‍വേദ സമ്മേളനത്തിലും കോട്ടക്കല്‍ ആര്യവൈദ്യശാലയും, വിശിഷ്യാ പി.കെ. വാരിയര്‍ സാറും കൊടുത്ത നേതൃത്വം ചരിത്രം സൃഷ്ടിച്ചവയായിരുന്നു. പി.കെ. വാര്യരുടെ ശിഷ്യഗണങ്ങളും സ്ഥാപന മേധാവികളും ഒരുമിച്ചു ചേര്‍ന്ന് നേതൃത്വം കൊടുത്ത ലോക ആയുര്‍വേദ സമ്മേളനത്തെ ഭാരത പ്രധാന മന്ത്രി അഭിസംബോധന ചെയ്തതിനു പിന്നാലെ ഭാരതത്തിലാദ്യമായി ആയുര്‍വേദ മന്ത്രാലയത്തിന്റെ പ്രഖ്യാപനം പി.കെ. വാരിയരുടെ സ്വപ്ന സാഫല്യമായിരുന്നു. അദ്ദേഹം ഒരേസമയം മികച്ച സംഘാടകനും ശാസ്ത്ര നിപുണനും വിട്ടുവീഴ്ചയില്ലാത്ത ഭരണ കര്‍ത്താവും ആയിരുന്നു.
കോട്ടക്കല്‍ പോലുള്ള ഒരു ആഗോള സ്ഥാപനം പടുത്തുയര്‍ത്തുക, അവഗണിക്കപ്പെട്ട ആയുര്‍വേദ ശാസ്ത്രത്തിനു വിശ്വാസ്യത നേടികൊടുക്കുക, ആയിരങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്കുമ്പോഴും ജീവനക്കാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ക്കും അര്‍ഹമായ എല്ലാംനല്കുക, ഇവയെല്ലാം ചെയ്യുമ്പോഴും കേരളത്തനിമ കാത്തു സൂക്ഷിച്ചുകൊണ്ട് സാധാരണക്കാരില്‍ ഒരുവനായി ജീവിക്കുകയും ചെയ്ത മനുഷ്യ സ്നേഹി ആയിരുന്നു ആദ്ദേഹം. ആയുര്‍വേദം പോലെ അനശ്വരമാകും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും, അടുത്തറിഞ്ഞ ആര്‍ക്കും.
എ. ജയകുമാര്‍
ഫൗണ്ടര്‍ ട്രസ്റ്റി,
വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: