തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്കാന് ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സരിത്ത് എന്‍ഐഎ കോടതിക്ക് മൊഴി നല്കി. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാനും സമ്മര്‍ദം ചെലുത്തിയെന്നും പൂജപ്പുര ജയില്‍ അധികൃതരെ പ്രതിക്കൂട്ടിലാക്കിയുള്ള സരിത്തിന്റെ മൊഴിയിലുണ്ടെന്നാണ് സൂചന. സരിത്തിന് സംരക്ഷണം നല്‍കണണമെന്ന് കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. തിങ്കളാഴ്ച തുടര്‍ നടപടി തീരുമാനിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് എന്‍ഐ കോടതി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ജഡ്ജിയുടെ ചേംബറില്‍ നടന്ന മൊഴി രേഖപ്പെടുത്തല്‍ ഒന്നരമണിക്കൂറോളം നീണ്ടു.
അഭിഭാഷകരെ ഒഴിവാക്കിയായിരുന്നു നടപടികള്‍. സ്വര്‍ണക്കടത്തില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറയാനായി ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് സരിത്തിന്റെ മൊഴിയിലുണ്ട്. രാത്രിയില്‍ ഉറക്കത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചുണര്‍ത്തുന്നു. കടുത്ത മാനസിക പീഡനം തുടര്‍ന്നപ്പോഴാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സരിത്ത് മൊഴി നല്‍കിയെന്നാണ് വിവരം. ജയിലില്‍ ഭീഷണിയുണ്ടെന്ന് മൊഴികൊടുത്തശേഷം പുറത്തിറങ്ങിയ സരിത്ത് മാധ്യമങ്ങളോടും പറഞ്ഞു.
സരിത്തിന്റെ പരാതിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയും തിങ്കളാഴ്ച മറുപടി നല്കാന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള നാലു കൊഫെപോസ തടവുകാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നത് കസ്റ്റംസ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: