കണ്ണൂര്‍: കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ സിപിഎം രംഗത്ത്. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ ദുരൂഹ ഇടപാടുകള്‍ക്കു മേല്‍ പിടി വീഴുമെന്ന് സിപിഎമ്മിന് ഭയം. കേരളത്തിലെ തൊണ്ണൂറു ശതമാനം സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലാണ്. ഇത്തരം സംഘങ്ങളുടെ മറവില്‍ വന്‍ വെട്ടിപ്പും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലുമാണ് കാലങ്ങളായി നടക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം രൂപം കൊള്ളുന്നതോടെ സഹകരണ സംഘങ്ങളുടെ മറവില്‍ നടക്കുന്ന വഴിവിട്ട ഇടപാടുകള്‍ പിടിക്കപ്പെടുമെന്ന ആശങ്കയാണ് സിപിഎമ്മിന്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാതൃകയില്‍ സഹകരണ മന്ത്രാലയത്തിന് കീഴില്‍ പുതിയ ഏജന്‍സി പ്രത്യേക നിയമ നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. കണക്കില്‍പ്പെടാത്ത, നികുതി നല്‍കാത്ത കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സംഘങ്ങള്‍ക്ക് മേല്‍ പിടി വീഴുമോയെന്നത് സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കുന്നുവെന്നതാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്റെയും പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്നു സഹകരണം. കൃഷി മന്ത്രാലയത്തിലെ സെന്‍ട്രല്‍ രജിസ്ട്രാറായിരുന്നു ഏക അതോറിറ്റി. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ഇടപാടുകളുള്ള സഹകരണ സംഘങ്ങള്‍ കേന്ദ്ര രജിസ്ട്രാറുടെ അധികാര പരിധിയിലാണ്.
മലബാറില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും പാര്‍ട്ടിയുടെ നിലനില്‍പ്പിനാധാരവും സഹകരണ സംഘങ്ങളാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്ത്തകര്ക്കുമുള്പ്പെടെ ജോലി നല്‍കുക, വാരിക്കോരി വായ്പ നല്‍കുക തുടങ്ങി സംഘടനയ്ക്കാവശ്യമായ പണം അടക്കം സമാഹരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളിലൂടെയാണ്. പാര്‍ട്ടി ഭരണസമിതിയുടെ നിയന്ത്രണത്തിലുളള നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ മുക്കുപണ്ട പണയ തട്ടിപ്പു മുതല്‍ നൂറു കണക്കിന് അഴിമതി ആരോപണങ്ങളാണുള്ളത്. ഏറ്റവും ഒടുവില്‍ രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്.
പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓഡിറ്റിങ് സംവിധാനത്തിലടക്കം മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സാമ്പത്തിക തിരിമറികളും മറ്റും വെളിച്ചത്തു വരുമെന്ന ആശങ്കയാണ് സിപിഎമ്മിനെ അലട്ടുന്നത്. മന്ത്രാലയ രൂപീകരണത്തിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനും പാര്‍ട്ടി തീരുമാനിച്ചു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: