ഹൈദരാബാദ്: തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ് ഗ്രൂപ്പ്. ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കും, ഇവിടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കിറ്റക്‌സ് വ്യക്തമാക്കി.
കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു പ്രസ്താവനയില്‍ വ്യക്തമാക്കി. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്ന് ട്വിറ്റു ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി പറഞ്ഞു. ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്സ് എംഡി ജേക്കബ് സാബു പ്രസ്താവനയില്‍ അറിയിച്ചു. .
തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാബു ഉന്നയിച്ചത്.
താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിച്ചതാണെന്നു സാബു ജേക്കബ്. നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്.
ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂവെന്നും സാബു. കേരളത്തില്‍ നിന്നു പുറത്തു നിക്ഷേപത്തിനായി പോകുന്നതില്‍ വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല.
ഇത് തന്റെ മാത്രം പ്രശ്‌നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്‌നമാണ് സ്ത്രീകളുടെ പ്രശ്‌നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്.
എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: