അന്റാര്‍ട്ടിക്ക: കിഴക്കന്‍ അന്റാര്‍ട്ടിക്കയിൽ കൂറ്റന്‍ മഞ്ഞ് തടാകം മൂന്ന് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. കാലാവസ്ഥാ വ്യതിയാനമാണ് തടാകം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതോടെ ഏകദേശം 21 മുതല്‍ 26 ബില്യൺ ക്യുബിക്ക് അടി വെള്ളം വരെ സമുദ്രത്തില്‍ എത്തിയെന്ന് കണക്കാക്കുന്നു.
കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന തടാകമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഈയടുത്ത് ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞരും ഈ സംഭവം അറിയുന്നത്.
നദിക്ക് മുകളിലുള്ള ഐസ് പാളി തകര്‍ന്നതിനു ശേഷം വെറും മൂന്ന് ദിവസം കൊണ്ടാണ് തടാകം പൂര്‍ണമായും വറ്റിയത്. സംഭവം ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ അന്റാര്‍ട്ടിക്കയിലെ ഐസ് പ്രതലങ്ങള്‍ ഇനിയുമേറെ ഉരുകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കുന്നുവെങ്കിലും അവ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ഇനിയും കണക്കാക്കിയിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉരുകുകയാണ്. മുമ്പ് ചൂട്‌കാലത്ത് മാത്രം നടന്നിരുന്ന മഞ്ഞുരുകല്‍ ഇപ്പോള്‍ ഇടയ്‌ക്കിടക്ക് സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: