രാജാക്കാട്: മാരാര്‍സിറ്റി കുരിശുംപടിക്ക് സമീപമുള്ള കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമായതോടെ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയിലായില്. 4 ദിവസങ്ങള്‍ക്ക് മുന്‍പ് പുല്ല് മുറിക്കാന്‍ പോയ പുതിയിടത്ത് ജോണിയും ഭാര്യയും തങ്ങളുടെ പറമ്പിലെ ചെടികള്‍ വിട്ടിലുകള്‍ തിന്ന നിലയില്‍ കാണുന്നത്.
ആദ്യം വിട്ടിലുകളാണെന്ന സംശയത്തില്‍ ആരോടും വിവരം പറഞ്ഞില്ല. പിറ്റേന്ന് ചെടിയുടെ ഇലകള്‍ തിന്ന ശേഷം നാരുകള്‍ നില്‍ക്കുന്നത് കണ്ട് മറ്റ് കര്‍ഷക സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വെട്ടുക്കിളികളാണെന്ന് മനസ്സിലാക്കിയത്. അപ്പോഴേക്കും തലേന്ന് കുറച്ചു എണ്ണം മാത്രം കാണപ്പെട്ട വെട്ടുക്കിളികള്‍ അടുത്തുള്ള മാഞ്ഞിലേട്ട് ജോസിന്റെയും, വടക്കേല്‍ ജിമ്മിയുടെയും ഏലച്ചെടികളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.
ചിറകുള്ളതും ചിറകില്ലാത്തതുമായ രണ്ടു തരം വെട്ടുക്കിളികളാണ് ഏലച്ചെടിയുടെ ഇലകള്‍ തിന്ന് നശിപ്പിക്കുന്നത്. ഏലം കൂടാതെ പേര, ചീമക്കൊന്ന എന്നിവയുടെ ഇലകളും ഇവ തിന്ന് നശിപ്പിക്കുന്നുണ്ട്. കൂട്ടമായിരുന്ന് ഇല തിന്നുന്ന വെട്ടുക്കിളി ചെടിയില്‍ അനക്കമുണ്ടാകുമ്പോള്‍ ചിറകില്ലാത്തവ താഴെ നിലത്തേക്ക് ചാടും. ചിറകുള്ളവ അടുത്ത ചെടിയിലേക്ക് പറന്നുപോയി ഇരിക്കും ചിറകുള്ളവയ്ക്ക് 2 ഇഞ്ച് നീളമുണ്ട്. സമീപ പ്രദേശങ്ങളിലും ഇവ എത്തിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷകര്‍ രാജാക്കാട് കൃഷിഭവനിലും, ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രത്തിലും വിവരമറിയിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇവയെ കൃഷിയിടത്തില്‍ നിന്ന് തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: