കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്യുബ്രാഞ്ച് കൊച്ചിയില്‍ നിന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ റഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പിടികൂടി. കൊലപാതക കേസില്‍ അടക്കം പ്രതിയായ ഇവര്‍ 15 വര്‍ഷമായി കൊച്ചിയില്‍ ഒളിവിലുണ്ടായിരുന്നു. തമിഴ്‌നാട് ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ വരുമ്പോഴാണ് കേരള പോലീസ് വിവരം അറിയുന്നത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ക്യുബ്രാഞ്ച് കേരള പോലീസിന് ഒരു റിപ്പോര്‍ട്ട് കൈമാറി. ജനുവരി 21 ന് പാടം മേഖലയില്‍ ഒരു തീവ്രവാദ സംഘടനയുടെ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നായിരുന്നു വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഗമണ്ണില്‍ നടന്നതിന് സമാനമായ ക്യാമ്പാണെന്നും കേരളത്തില്‍ നിന്നുള്ളവര്‍ക്കു പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി 300 ഓളം പേര്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കേരള പോലീസ് ചെയ്തതാകട്ടെ കൊല്ലം ഇന്റലിജന്റ്‌സ ഡിവൈഎസ്പി എം. ഷെരീഫിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പാടം മേഖലയൊക്കെ സന്ദര്‍ശിച്ച് പരിശോധന നടത്തിയെങ്കിലും ക്യാമ്പ് നടന്നതിന് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ തീവ്രവാദ സംഘടനയ്‌ക്കനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണം തമിഴ്‌നാട് ക്യുബ്രാഞ്ച് ഉയര്‍ത്തിയതോടെ ഇദ്ദേഹത്തെ സ്ഥലം മാറ്റി. നാല് മാസം കഴിയുമ്പോള്‍ പാടം, കോന്നി മേഖലയില്‍ നിന്നും തീവ്രവാദ പരിശീലനം നടന്നതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.
2020 ജനുവരി 8 രാത്രിയിലാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ എസ്‌ഐ വില്‍സനെ ചെക്‌പോസ്റ്റിലിട്ട് തീവ്രവാദികള്‍ വെടിവച്ച് കൊല്ലുന്നത്. അതിനുമൂന്ന് മാസം മുമ്പേ തന്നെ തീവ്രവാദികളുടെ ചിത്രംസഹിതം തമിഴ്‌നാട് ക്യുബ്രാഞ്ച് കേരള പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ പരിശീലനം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കി. പക്ഷെ കേരള പോലീസ് റിപ്പോര്‍ട്ട് പിശോധിക്കുന്നത് തന്നെ ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പും. രഹസ്യാന്വേഷണം, തീവ്രവാദ സ്‌ക്വാഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം അയല്‍ സംസ്ഥാനങ്ങളെ കണ്ട് പഠിക്കുക തന്നെ വേണം.
തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും തീവ്രവാദികളോടും രാജ്യ ദ്രോഹസംഘടനകളോടുമുള്ള പോലീസിന്റെ നയത്തില്‍ മാറ്റം വരില്ല. അതുകൊണ്ടാണ് അബ്ദുള്‍നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന കോണ്‍ഗ്രസ്സുകാരുടെ ആവശ്യം കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ പോലും ചെവിക്കൊള്ളാഞ്ഞത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസോടെ തമിഴ്‌നാടും ബാംഗ്ലൂര്‍ സ്‌ഫോടനത്തോടെ കര്‍ണാടകയും ഇക്കാര്യത്തില്‍ അതീവ ജാഗരൂകരാണ്. നിസാര കേസുകളില്‍ പോലും അവര്‍ പ്രതികളുടെ വേരുകള്‍ അന്വേഷിക്കും. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം നിരന്തരം വീക്ഷിക്കും. തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, അവര്‍ക്ക് സഹായം നല്‍കിയവര്‍ തുടങ്ങി എല്ലാത്തരത്തിലുള്ളവരും അവരുടെ നിരീക്ഷണത്തിലുണ്ടാകും. അതിന് തെളിവാണ് കളിയിക്കാവിളയിലെ ആക്രമണത്തിന് മുന്നേ തന്നെ പ്രതികളുടെ ചിത്രംസഹിതം മുന്നറയിപ്പുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിനടക്കം നല്‍കാനായത്. എന്നാല്‍ കേരളത്തിലാകട്ടെ അല്‍-ഉമ്മ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞിട്ടും 1997 ജൂലൈ 3 ന് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിഐജി ടി.പി.സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ പോലും തയ്യാറായില്ല.
തമിഴ്‌നാട് ചെക്ക്‌പോസ്റ്റിലെ എസ്‌ഐ വില്‍സനെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് തലസ്ഥാന ജില്ല കേന്ദ്രീകരിച്ചാണ്. ആക്രമണം ആസൂത്രണം ചെയ്ത സെയ്തലി ഒരു വര്‍ഷത്തോളം വനാതിര്‍ത്തി ഗ്രമമായ വിതുരയിലുണ്ടായിരുന്നു. ഈ വിവരം കേരളപോലീസ് അറിയുന്നത് തമിഴ്‌നാട് ക്യുബ്രാഞ്ച് വിതുരയില്‍ പരിശോധന നടത്തുമ്പോഴാണ്. അതിനര്‍ത്ഥം അത്രയും ജാഗരൂകരായി തമിഴ്‌നാട് ക്യുബ്രാഞ്ച് കാര്യങ്ങള്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്നാണ്.
ആക്രമണത്തെ തുടര്‍ന്ന് അന്നത്തെ ഡിജിപി ലോക് നാഥ് ബെഹ്‌റയും തമിഴ്‌നാട് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ അന്വേഷണത്തില്‍ സഹകരിക്കുമെന്ന് പറഞ്ഞെങ്കിലും കേരളപോലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് കേരള പോലീസിനെ ഒഴിവാക്കി. തമ്പാനൂരിലും എറണാകുളത്തും നടത്തിയ തെളിവെടുപ്പുപോലും കേരള പോലീസിനെ അറിയിച്ചിരുന്നില്ല. കാരണം കോരള പോലീസിന്റെയും സര്‍ക്കാരിന്റെയും തീവ്രവാദികളോടുള്ള നിലപാട് തമിഴ്‌നാട് ക്യുബ്രാഞ്ചിന് കൃത്യമായി ധാരണ ഉള്ളത് കൊണ്ടാണ്.
ഇതേ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളെ പിടികൂടിയത് തെന്മലയില്‍ നിന്നാണ്. തെന്മല, കുളത്തൂപ്പുഴ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലവും. ഇതേ പ്രദേശത്തിനടുത്ത് നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ പിന്നീട് കണ്ടെടുക്കുകയും ചെയ്തു. എന്നിട്ടും ആ മേഖലയില്‍ കൃത്യമായ പരിശോധനയോ അവിടെ നിന്നും പിടികൂടിയവരുടെ കൂടുതല്‍ വിവരങ്ങളോ അവര്‍ എന്തുകൊണ്ട് ആ മേഖലലയില്‍ കേന്ദ്രീകരിച്ചു എന്നോ അന്വേഷിക്കാന്‍ കേരള പോലീസ് തയ്യാറായിരുന്നില്ല. ഇതിനുള്ള തെളിവാണ് പാടം മേഖലയില്‍ ഉണ്ടായ തീവ്രവാദ പരിശീലനം.
മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തടിയന്റവിട നസീറിനെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങി. നസീര്‍ അപ്പോള്‍ അബ്ദുള്‍ നാസര്‍ മദിനിയുടെ ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നസീറിനെ നിരീക്ഷിക്കാതെ വന്നതോടെ കോഴിക്കോട് ജൂവലറി കവര്‍ച്ചയും കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസും കളമശ്ശേരി ബസ് കത്തിക്കലും ഒക്കെ സനീറിന്റെ നേതൃത്വത്തില്‍ ഉണ്ടായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവായ യാസീന്‍ ഭട്കല്‍, തടിയന്റവിട നസീറുമായി ചേര്‍ന്ന് കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2009 നവംബറില്‍ മേഘാലയ അതിര്‍ത്തിയില്‍ ബംഗ്ലാദേശി പോലീസ് പിടികൂടുമ്പോള്‍ ആഗോള ഭീകരനായി മാറിയിരുന്നു.
2008 ഒക്ടോബറില്‍ കാശ്മീരില്‍ നാല് മലയാളി യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ നസീര്‍ പ്രതിയാണ്. അന്നുമുതല്‍ തന്നെ കേരളത്തില്‍ നിന്നും തീവ്രവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന വിവരം പോലീസിന് അറിയാവുന്നതാണ്. എന്നിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാതെ വന്നതാണ് മതം മാറ്റി തീവ്രവാദത്തിനായി കടത്തലും ലൗജിഹാദിലും എത്തി നില്‍കുന്നത്. 2007 ഡിസംബര്‍ 10 മുതല്‍ 22 വരെയായിരുന്നു വാഗമണ്‍ കോലാഹലമേട്ടില്‍ സിമി ക്യാമ്പ് നടത്തിയത്. കേസിലെ 35 പ്രതികളില്‍ നാല് പേര്‍ മലയാളികളാണ്. കനകമല ക്യാമ്പ്, പാനായിക്കുളം ക്യാമ്പ് തുടങ്ങിയവയും പിന്നാലെ ഉണ്ടായി. അത് മാത്രമല്ല നായ്‌ക്കളെ വെട്ടിയുള്ള പരിശീലനം, ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരെ ആക്രമിക്കല്‍, വനങ്ങളിലെ വേട്ടകള്‍ തുടങ്ങി പോലീസ് നിസാരമായി കണ്ടവയെല്ലാം പിന്നീട് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു.
കാസര്‍കോട് നിന്നും 21 പേര്‍ ഐഎസ് റിക്രൂട്ടമെന്റ് നടന്നുവെന്ന് മുന്നറിയപ്പും അന്വേഷണ ആവശ്യവും സംസ്ഥാന ഇന്റലിജന്റ്‌സ് ഉയര്‍ത്തിയത് 2018 ലാണ്. പിന്നാലെ സിറിയയിലും ലബനനിലും നിരവധി മലയാളികള്‍ ചാവേറുകളായി. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട മുഖ്യസൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം തമിഴ്‌നാട്ടിലും ബംഗളൂരുവിലും കേരളത്തിലും വ്യാജപ്പേരില്‍ എത്തിയെന്ന വിവരവും കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ വിഭാഗത്തിലുള്ള കൈത്തോക്കുകള്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല. ഇത്തരത്തില്‍ നൂറ് കണക്കിന് റിപ്പോര്‍ട്ടുകള്‍ വിവിധ ഏജന്‍സികള്‍ നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നും നുഴഞ്ഞു കയറിയ അല്‍ക്വയ്ദ ഭീകരരെ എന്‍ഐഎ പിടികൂടിയത് കൊച്ചിയില്‍ നിന്നാണ്. അങ്ങനെ നീളുന്നു തീവ്രവാദ സംഭവങ്ങള്‍.
ഇത് മാത്രമല്ല കേരളാ പോലീസില്‍ പോലും തീവ്രവാദ സംഘടനകള്‍ പിടിമുറിക്കി. തീവ്രവാദവുമായി ബന്ധമുള്ളവരെ കുറിച്ച് നിരീക്ഷിക്കാനുള്ള രഹസ്യാന്വേഷണ വിഭാഗം നല്‍കിയ 300ല്‍ അധികം പേരുടെ ലിസ്റ്റ് പോലീസ് ആസ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥന്‍ ചോര്‍ത്തി. ആ ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണം എങ്ങും എത്തിയില്ല. പോലീസിനുള്ളില്‍ പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് വരെ പ്രര്‍വത്തിച്ചു. ഇതിന് പോലീസിനെമാത്രം കുറ്റപ്പെടുത്താനാകില്ല. കാലങ്ങളായി ഭരിക്കുന്ന ഇടതു വലതു സര്‍ക്കാരുകള്‍ക്ക് തീവ്രവാദികളോടുള്ള മൃദുസമീപനവും നയങ്ങളും മറികടന്ന് കേരളപോലീസ് ഒന്നും ചെയ്യാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനനുസരിച്ച് ഷണ്ഠീകരിക്കപ്പെട്ടു. മാത്രമല്ല സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, തുടങ്ങിയവയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതെ പോലീസിന് എന്ത് ചെയ്യാനാകും. പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് ഫോഴ്‌സില്‍പോലും ആവശ്യത്തിന് അംഗബലമില്ല. കേസുകളില്‍ തുടരന്വേഷണങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് തീവ്രവാദികള്‍ പരിശീലന കേന്ദ്രമായി കേരളത്തെ മാറ്റി. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ അടക്കം ഇപ്പോഴും കേരളത്തില്‍ സ്വതന്ത്രമായി വിരഹിക്കുന്നതും പോലീസിനെ ശിഥിലീകരിച്ചത് കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: