പത്തനംതിട്ട: കവയത്രി സുഗതകുമാരിയുടെ ആര്‍ദ്രമായ ഓര്‍മ്മകളുണര്‍ത്തി “സുഗതം” എന്ന പദ്ധതിയിയുമായി സേവാഭാരതി. സഞ്ചരിക്കുന്ന ആശുപത്രിയുമായി ആദിവാസി ഊരുകളിലേക്ക് കടന്നുചെന്ന് അവിടെ ചികിത്സാസൗഖ്യം പകരുകയാണ് ലക്ഷ്യം.
മൂന്ന് ജില്ലകളാണ് സുഗതം പദ്ധതിയിലുള്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി ഊരുകളിലാണ് സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രി എത്തുക. 25 പഞ്ചായത്തുകളില്‍ ചികിത്സാസേവനം ലഭ്യമാക്കും.
‘സുഗതം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂലായില്‍ ആരംഭിക്കുമെന്ന് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ പറഞ്ഞു.
ആദിവാസി ഊരുകളിലെ സന്ദർശനവേളകളിൽ സുഗതകുമാരി പങ്കുവച്ച ആശയങ്ങളിൽ നിന്നാണ് സുഗതം പദ്ധതി രൂപപ്പെട്ടത്. അവിടുത്തെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം തൊട്ടറിഞ്ഞ സുഗതകുമാരി എന്നും ഊരിന്റെ മക്കള്‍ക്ക് രോഗശമനത്തിന് ഉപാധികള്‍ വേണമെന്ന് ആഗ്രഹിച്ചു. ഈ ആഗ്രഹസാഫല്യമാണ് സുഗതത്തിലൂടെ സേവാഭാരതി ഏറ്റെടുക്കുന്നത്. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്യുക് ഹീൽ’ എന്ന പ്രസ്ഥാനമാണ് പദ്ധതിക്കായി മെഡിക്കൽ വാൻ സേവാഭാരതിക്ക് നൽകിയത്.
ഒരു ഡോക്ടറുടെയും നഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം മെഡിക്കൽ വാനിൽ ഉറപ്പാക്കും. ചികിത്സയും മരുന്നും അവിടെത്തന്നെ നൽകും. ഗുരുതര രോഗമുള്ളവർക്കും കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കും അതാത് ജില്ലകളിൽത്തന്നെ പ്രമുഖ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടർമാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരിശോധനകള്‍ക്കായി ഓരോ ഊരിലും ഒരാഴ്ച ക്യാമ്പ് ചെയ്യും. എല്ലാ ഊരുകളിലും ആരോഗ്യജീവിതം എന്ന ലക്ഷ്യമാണ് സേവാഭാരതിയ്‌ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: