കാബൂള്‍: താലിബാന് അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രവിശ്യകള്‍ കീഴടക്കുന്നത് ഇന്ത്യക്കാരുടെ ജീവന് ഭീഷണിയായതിനാല്‍, ഇന്ത്യന്‍ എംബസിയിലെയും കോണ്‍സുലേറ്റുകളിലെയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.
കാബൂള്‍, ഖാണ്ഡഹാര്‍, മസര്‍- ഇ-ഷറീഫ് എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഒഴിപ്പിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി അവസാന ദശയിലാണ്. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് അവിടെയുള്ളത്. താലിബാന് ആക്രമണം ഭയന്ന് അഫ്ഗാന് പട്ടാളക്കാര്‍ തന്നെ തൊട്ടടുത്ത രാജ്യത്തേക്ക് ഓടിരക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 1037 അഫ്ഗാന് പട്ടാളക്കാരാണ് താജിക്കിസ്ഥാനിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടത്. ബദാഖ്ഷന് പ്രവശ്യയില്‍ നിന്നുള്ള പട്ടാളക്കാരാണ് ഓടിപ്പോയത്. അമേരിക്കന്‍ പട്ടാളക്കാരുടെ പിന്മാറ്റമാണ് താലിബാന് ഊര്‍ജ്ജം പകര്‍ന്നത്. കഴിഞ്ഞ ദിവസം അമേരിക്ക അവരുടെ അവസാന താവളമായ ബഗ്രാം എയര്‍ബേസും അഫ്ഗാന് പട്ടാളത്തിന് കൈമാറിയതായി പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ അവസാന അമേരിക്കന്‍ പട്ടാള സംഘവും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറും.
ജീവന് രക്ഷിക്കാന്‍ അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ താലിബാനോടൊപ്പം ചേരുന്നതായും വാര്‍ത്തയുണ്ട്. ഇന്ത്യക്ക് കാബൂളിലെ എംബസി ഉള്‍പ്പെടെ നാല് കോണ്‍സുലേറ്റുകളാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്.. ജലാലാബാദിലും ഹെയ്റാറ്റിലും ഉള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇപ്പോള്‍ കാണ്ഡഹാറിലും മസര്‍ ഇ ഷറീഫിലും എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: