ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ രണ്ടാം ഘട്ട വാദം ആരംഭിച്ചു. ജൂണ്‍ 30നാണ് കേസിലെ ആദ്യ ഘട്ട വാദം പൂര്‍ത്തിയായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കോടതിയെ ബോധിപ്പിക്കണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി ജൂലൈ അഞ്ചിലേക്ക് മാറ്റിയിരുന്നത്. പന്ത്രണ്ടാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിക്ക് മുന്‍പിലെത്തുന്നത്.
ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന അഞ്ചു കോടിയോളം രൂപയുടെ ഉറവിടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇന്നലെ അഭിഭാഷകന് കോടതിയില്‍ അവതരിപ്പിച്ചത്. അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പച്ചക്കറി, മത്സ്യ വ്യാപാരങ്ങളിലൂടെ ലഭ്യമായതാണെന്നും, ഈ പണം അനൂപ് മുഹമ്മദ് നല്‍കിയതല്ലെന്നും ബിനീഷിന്റെ അഭിഭാഷകന് വാദിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ ഡി നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്നും, ഇതുവരെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി കണ്ടുകെട്ടിയിട്ടില്ലെന്നും അഭിഭാഷകന് പറഞ്ഞു. ഈ വാദങ്ങളെ ന്യായീകരിക്കുന്ന കോടതി ഉത്തരവുകളുടെ പകര്‍പ്പുകളും അഭിഭാഷകന് ഹാജരാക്കി. ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡുകള്‍ കണ്ടെടുത്ത സംഭവം നാടകീയമായിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയെന്ന വ്യാജേന കാര്‍ഡ് വീട്ടില്‍ വെച്ചതെന്നും അഭിഭാഷകന് ആദ്യഘട്ട വാദത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ബിനീഷിന്റെ അഭിഭാഷകന് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ഈ ദിവസം ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായാല്‍ ഇ ഡി മറുവാദം അവതരിപ്പിച്ചേക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് കോടിയേരി നിലവില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: