കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ലയ്ക്ക് പുറത്തു പോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ അഞ്ചാം പ്രതി ഇബ്രാഹിം കുഞ്ഞ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കാന്‍സര്‍ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ കീമോ ചികിത്സയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് കഴിഞ്ഞ ജനുവരി എട്ടിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നാണ് ഹര്ജിക്കാരന് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
അഴിമതിക്കേസില്‍ വിജിലന്‍സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ നല്കിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥ തുടരേണ്ടതില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ അത്രയും കാലം ജില്ലയ്ക്കു പുറത്തു പോകാന്‍ അനുമതി നിഷേധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ നവംബര്‍ 18 നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: