മുണ്ടക്കയം ഈസ്റ്റ് (കോട്ടയം): സര്‍ക്കാരുമായി തര്‍ക്കത്തിലുളള റബ്ബര്‍ തോട്ടത്തിലെ നിരവധി മരങ്ങള്‍ എസ്റ്റേറ്റ് അധികൃതര്‍ മുറിച്ചുകടത്തിയതായി പരാതി. കൊക്കയാര്‍ വില്ലേജിന്റെ പരിധിയിലെ ബോയിസ് പരിസണ്‍ ഗ്രൂപ്പിന്റെ കൈവശത്തിലുളള കൊടികുത്തി ഡിവിഷനിലെ തോട്ടത്തില്‍ നിന്നിരുന്ന പ്ലാവ്, മാവ്, മരുതി, ആഞ്ഞിലി, മറ്റ് പാഴ്മരങ്ങള്‍ എന്നിവയാണ് മുറിച്ചു കടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. പത്തോളം ലോഡ് മരങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയെന്നാണ് കരുതുന്നത്. ഹാരിസണ്‍ കമ്പനി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമി പിന്നീട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു. ഇവിടെ കാലങ്ങളായുളള മരങ്ങളാണ് മാനേജ്മെന്റ് നിയമ വിരുദ്ധമായി മുറിച്ചുമാറ്റിയത്. തോട്ടത്തിലെ ബെല്റ്റ്കാട് എന്നറിയപ്പെടുന്ന ഭാഗത്തു നിന്ന മരങ്ങളാണിത്. തോട്ടം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
രാജമാണിക്യം കമ്മീഷന് ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയതാണ്. ഇതിനെതിരെ തോട്ടം മാനേജ്മെന്റ് കോടതിയെ സമീപിച്ചു. താത്കാലിക സ്റ്റേ വാങ്ങി വീണ്ടും തോട്ടം പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ ഇവിടെ ഇടവിളകൃഷി, മരം മുറിച്ചു നീക്കല്‍ ഒന്നും നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ മരം മുറിച്ചുനീക്കിയിരിക്കുന്നത്. ഈ ഉത്തരവ് ലംഘിച്ച് കൈത, കാപ്പി, കമുക്, വാഴ എന്നീ കൃഷിയും നടക്കുന്നുണ്ട്.
മരം മുറിക്കെതിരെ കൊടികുത്തി സ്വദേശി സുരേന്ദ്രന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായി കൊക്കയാര്‍ വില്ലേജ് ആഫീസര്‍ കെ.എസ്.സിന്ധു ജന്മഭൂമിയോട് പറഞ്ഞു. മരംമുറിക്കല്‍ സംബന്ധിച്ചു പീരുമേട് തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇവര്‍ അറിയിച്ചു. ഇതിനിടെ മരംമുറിക്കല്‍ നടപടിക്കെതിരെ ജില്ലാ കളക്ടര്‍, തഹസീല്‍ദാര്‍, റവന്യു മന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: