ന്യൂദല്‍ഹി: ദല്‍ഹി ബാര്‍ കൗണ്‍സില്‍(ബിസിഡി) അഭിഭാഷകന്റെ ലൈസന്‍സ് റദ്ദാക്കി. ചേംബറില്‍ സ്ത്രീയെ നിര്‍ബന്ധിച്ച് മതരിപവര്‍ത്തനം നടത്തിയശേഷം വിവാഹം ചെയ്തു നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഹന്‍ സിംഗ് തോമര്‍ എന്നയാളാണ് അഭിഭാഷകനായ ഇഖ്ബാല്‍ മാലിക്കിനെതിരെ പരാതി നല്‍കിയത്. കര്‍കര്‍ദൂമ ജില്ലാ കോടതിയിലെ ചേംബറില്‍വച്ച് ‘മുസ്ലിമായി നിര്‍ബന്ധിച്ച് പരിവര്‍ത്തനം’ ചെയ്ത ശേഷം മകളുടെ വിവാഹം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. വൈസ് ചെയര്മാന്, മുന്‍ ചെയര്മാന് എന്നിവരുള്‍പ്പെട്ട മൂന്നംഗ അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകന് ഇഖ്ബാല്‍ മാലിക്കിനുള്ള നോട്ടിസില്‍ ബിസിഡി സെക്രട്ടറി പീയുഷ് ഗുപ്ത പറയുന്നു.
അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുംവരെ ഇടക്കാല നടപടിയെന്ന നിലയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള മാലിക്കിന്റെ അനുമതി റദ്ദാക്കാന്‍ ബിസിഡി തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദനീയവും അഭിഭാഷകന്റെ ജോലിയുടെ ഭാഗവുമല്ല. വിവാഹം നത്തുന്നതിലും പരിവര്‍ത്തനം ചെയ്തതിന്റെയും വിവാഹത്തിന്റെയും സര്‍ട്ടിഫിക്കറ്റ് നല്‍കാനുമുള്ള താങ്കളുടെ നടപടി അഭിഭാഷകന്റെ ജോലിക്ക് അവമതിപ്പുണ്ടാക്കുന്നതും അതിന്റെ അന്തസ് ഇല്ലാതാക്കുന്നതുമാണ്.’- ബിസിഡി പ്രസ്താവിച്ചു.
ഈവര്‍ഷം ജൂണ്‍ മൂന്നിന് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന വിവാഹസ്ഥലം അദ്ദേഹത്തിന്റെ ചേംബറിന്റെ വിശദീകരണവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ബിസിഡി ചൂണ്ടിക്കാട്ടി. മുസ്ലിം പള്ളി പോലെയാണ് മാലിക്കിന്റെ ചേംബര്‍ ക്രമീകരിച്ചിരിക്കുന്നതെന്നും തോമറിന്റെ പരാതിയില്‍ ആരോപിക്കുന്നു. ‘പരാതിയിലെ കാര്യങ്ങള്‍ പ്രാഥമികമായി നോക്കുമ്പോള്‍, കോടതി വളപ്പിലോ, ചേംബറിലോ നിക്കാഹ് കാര്യങ്ങള്‍ക്ക് അഭിഭാഷകനോ, മറ്റൊരാള്‍ക്കോ അനുമതി നല്‍കാനാവില്ല. അതുകൊണ്ടാണ് ബാര്‍ കൗണ്‍സിലിന്റെ അടിയന്തര നടപടിയെന്ന് നോട്ടിസില്‍ കൂട്ടിച്ചേര്‍ത്തു.
സമിതിക്കാവശ്യമായ എല്ലാ സഹായങ്ങളും വിവരങ്ങളും നല്കാന് ദല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും ബന്ധപ്പെട്ട ഡിസിപിയോടും ബിസിഡി ചെയര്മാന് രമേശ് ഗുപ്ത അഭ്യര്‍ഥിച്ചു. ഇഖ്ബാലിന് അനുവദിച്ച ചേംബര്‍ റദ്ദാക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അത് ഉടന്‍ സീല്‍ ചെയ്യാനും ജില്ലാ ജഡ്ജിയോട്(ഇന്‍ ചാര്‍ജ്) ഗുപ്ത ആവശ്യപ്പെട്ടു. നോട്ടിസ് ലഭിച്ചതായി ഇഖ്ബാല്‍ മാലിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: