ന്യൂദല്‍ഹി: ഇടത് എംഎല്‍എമാര്‍ 2015ല്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2015ല്‍ കെ.എം. മാണിയുടെ ബജറ്റവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ വന്‍തിരിച്ചടിയേറ്റു.
എംഎല്‍എമാരുടെ ഇത്തരം പെരുമാറ്റരീതി വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാരായ എംഎല്‍എമാര്‍ പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
തിങ്കളാഴ്ച കേസ് വാദത്തിനെടുത്ത സുപ്രീംകോടതി ഇടതുപക്ഷപാര്‍ട്ടികളിലെ എംഎല്‍എമാരുടെ പെരുമാറ്റരീതിയെക്കുറിച്ച് പ്രഥമദൃഷ്ട്യാ അതൃപ്തിപ്രകടിപ്പിച്ചു. 2015ലാണ് നിയമസഭയില്‍ ഈ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ശിവന്‍കുട്ടി, ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവരുള്‍പ്പെട്ട സീനിയര്‍ സിപിഎം എംഎല്‍എമാരാണ് സഭയില്‍ കെ.എം.മാണിയുടെ ബജറ്റവതരണം തടയാന്‍ വലിയ അതിക്രമം നടത്തിയത്. ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നിയമസഭയിലെ മൈക്ക് തറയില്‍ എറിയുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്ത എംഎല്‍എമാരുടെ പെരുമാറ്റത്തിനെതിരെ തക്കതായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
‘പ്രഥമദൃഷ്ട്യാ ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് എടുക്കേണ്ടതുണ്ട്. ഇത് സ്വീകാര്യമായ പെരുമാറ്റരീതിയില്ല. നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
‘ഇവര്‍ എംഎല്‍എമാരാണ്, ജനങ്ങളുടെ പ്രതിനിധികളായിരുന്നു,’ എംഎല്‍എമാരുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ഷാ പറഞ്ഞു. സംസ്ഥാനത്തെ ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ധനബില്‍ പാസാക്കുന്നത് തടഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
കേസില്‍ ഇനി ജൂലൈ 15 ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടതുള്ളതായും ജഡ്ജിമാര്‍ പറഞ്ഞു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളുകയും പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതി ശരിയല്ലെന്നും കേസില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍ക്ക് ഭരണഘടന അനുവദിച്ച സംരക്ഷണം ലഭിക്കണമെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിച്ചത്. ഭരണഘടനയുടെ 105(3), 194(3) എന്നീ വകുപ്പുകള്‍ സഭാംഗങ്ങള്‍ക്ക് മുന്‍ഗണനകളും സംരക്ഷണവും ഉറപ്പാക്കുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ എംഎല്‍എമാര്‍ക്കെതിരെ നിയമസഭാ സെക്രട്ടറി പരാതി നല്‍കിയത് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് നിയമസഭയിലെ എംഎല്‍എമാരുടെ അതിക്രമത്തില്‍ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: