ന്യൂദല്‍ഹി: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന അന്തരിച്ച കെ.എം. മാണി അഴിമതിക്കാരന് ആയിരുന്നെന്ന് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
ബാര്‍കോഴ അഴിമതിക്കാരനെതിരെയാണ് എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധിച്ചത്.ബാര്‍ക്കോഴ കേസില്‍ കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം തടസപ്പെടുത്താന്‍ എംഎല്‍എമാര്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു. ഇതോടെയാണ് സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ നടന്ന കൈയാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. അതിനാല്‍ വിചാരണ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി രംഗത്തെത്തിയത്.
സംസ്ഥാന ബജറ്റ് തടയാന്‍ എംഎല്‍എമാര്‍ അക്രമത്തിലൂടെ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് കോടതി മാറ്റി. . ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആര്. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടുങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികള്‍ വിചാരണ നേരിടണമെന്നും നേരത്തെ വിധിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ അന്നു ഹൈക്കോടതിയെ സമീപിച്ചത്. പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: