ഇസ്ലമാബാദ്: പാക്കിസ്ഥാന്റെ ലാഹോറില്‍ കൊടും തീവ്രവാദി ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം ജൂണ്‍ 23 ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയുടെ ഗവേഷണ-വിശകലന വിഭാഗം (റോ) ആണെന്ന് ആരോപിച്ച് പാക്കിസ്ഥാന്. ഭീകരവാദികള്‍ക്കു പാക്കിസ്ഥാന് സര്‍ക്കാര്‍ നല്കുന്ന പിന്തുണയ്ക്കെതിരേ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണവുമായി പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) മൊയ്ദ് യൂസഫ് രംഗത്തെത്തിയത്. ഹഫീസിന്റെ വസതിക്കു സമീപം ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിവര മന്ത്രി ഫവാദ് ചൗധരി, പഞ്ചാബ് പോലീസ് മേധാവി ഇനാം ഘാനി എന്നിവരോടൊപ്പം പത്രസമ്മേളനത്തില്‍ സംസാരിച്ച യൂസഫ് ലാഹോര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ”ഒരു ഇന്ത്യന്‍ പൗരനാണെന്നും റോയ്ക്ക് ആ വ്യക്തിയുമായി ബന്ധമുണ്ടെന്നും’ ആരോപിച്ചു. ”ലാഹോറില്‍ നടന്ന ഈ പ്രത്യേക സംഭവത്തിന്റെ സാമ്പത്തിക, ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണവും ഞങ്ങളുടെ പക്കലുണ്ട്. ഇത് ആക്രമണത്തില്‍ ഇന്ത്യക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. സൂത്രധാരനില്‍ നിന്ന് കണ്ടെടുത്ത ഫോറന്‍സിക് വിശകലനത്തിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും” സഹായത്തോടെ ”പ്രധാന സൂത്രധാരനെയും” ഹാന്‍ഡ്ലര്‍മാരെയും തിരിച്ചറിഞ്ഞതായി യൂസഫ് അവകാശപ്പെട്ടു. ഇന്ത്യക്കു നേരേ ഡ്രോണ്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇതിനു പിന്നില്‍ പാക്കിസ്ഥാന് ആണെന്നും തെളിവു സഹിതം ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ പാക്കിസ്ഥാന് വ്യാജ ആരോപണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: